മലപ്പുറം: അടിയന്തരാവസ്ഥാ കാലത്ത് അനിവാര്യമായ ഘട്ടം വന്നപ്പോള്‍ ആര്‍.എസ്.എസുമായി ഇടതുപക്ഷം സഹകരിച്ചിട്ടുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. നിലമ്പൂർ തെരഞ്ഞെടുപ്പ് തലേദിവസം വന്ന ഗോവിന്ദന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരെ രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങിയിരിക്കുകയാണ് യു.ഡി.എഫ്.
എന്നാൽ എം.വി ഗോവിന്ദനെ തിരുത്തി എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് രംഗത്തെത്തി. അടിയന്തരാവസ്ഥ കാലത്ത് ആർ.എസ്.എസുമായല്ല ജനതാ പാർട്ടിയുമായാണ് സഹകരിച്ചതെന്ന് എം. സ്വരാജ് പറഞ്ഞു. അന്ന് ജനതാ പാർട്ടിക്ക് വർഗീയ നിലപാട് ഉണ്ടായിരുന്നില്ലെന്നും സ്വരാജ് പറഞ്ഞു.
വിഷയം യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തും ഏറ്റെടുത്തു. ഇടതുപക്ഷം ജനസംഘവുമായി സഖ്യം ചേർന്നത് സി.പി.ഐ.എമ്മിന്റെ ചരിത്ര രേഖയിൽ ഉണ്ടെന്ന് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. ആർ.എസ്.എസുമായി ഇടതുപക്ഷം ഇനിയും അത്തരമൊരു സഖ്യം ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്നും ആര്യാടൻ ഷൗക്കത്ത് കൂട്ടിച്ചേർത്തു.
DeToor reflective wanderings…