മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘തുടരും’ കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടി റിലീസിനൊരുങ്ങുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് നേരത്തെ നീട്ടിവെച്ചിരുന്നു. തിയേറ്റുകളില്‍ വിജയകരമായി പ്രദര്‍ശനം തുടര്‍ന്ന സാഹചര്യത്തില്‍ ഒ.ടി.ടി റിലീസ് അണിയറ പ്രവര്‍ത്തകര്‍ നീട്ടിവെക്കുകയായിരുന്നു.
ഒടുവില്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. മെയ് 30ന് ജിയോ ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും. ചിത്രം ഹിന്ദി, തമിഴ് ഭാഷകളിലും ലഭ്യമാകും. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ വിജയത്തിന് ശേഷം ഏപ്രില്‍ 25നാണ് ‘തുടരും’ തിയേറ്ററുകളിലെത്തിയത്. മികച്ച ഒരു ഫാമിലി ഡ്രാമ എന്ന നിലയില്‍ ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണയാണ് തിയേറ്ററുകളില്‍ ലഭിച്ചത്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
എമ്പുരാനും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നിലാക്കി ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാള ചിത്രമായി ‘തുടരും’ പട്ടികയില്‍ ഇടംപിടിച്ചു. ഫാമിലി ഡ്രാമ സ്വഭാവത്തില്‍ വരുന്ന ചിത്രത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷമാണ് മോഹല്‍ലാല്‍ അവതരിപ്പിച്ചത്. നടി ശോഭനയാണ് ചിത്രത്തിലെ നായിക. ബിനു പപ്പു, മണിയന്‍പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍, ഇര്‍ഷാദ് അലി, കൃഷ്ണ പ്രഭ, തോമസ് മാത്യു, അമൃത വര്‍ഷിണി, അബിന്‍ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.