തൃശൂർ: വിദേശ സഞ്ചാരികൾക്കു കുടമാറ്റം കാണാനൊരുക്കുന്ന വിഐപി ഗാലറിയിൽ ഇത്തവണയും സിപിഐഎം നേതാക്കൾക്കും അനുകൂല രാഷ്ട്രീയ നേതാക്കൾക്കും പ്രവേശനമെന്ന് ആക്ഷേപം. മന്ത്രി വി.എൻ.വാസവനടക്കം സിപിഎം നേതാക്കൾ ഗാലറിയിലെ സീറ്റുകൾ കയ്യടക്കിയെന്നാണു പരാതി. മറ്റു രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും ജനപ്രതിനിധികളും പൊലീസ് പവിലിയനിലും ആൾക്കൂട്ടത്തിലും മറ്റും നിന്ന് കുടമാറ്റം കണ്ടപ്പോൾ സിപിഎമ്മിന്റെ നേതാക്കൾക്കും ജനപ്രതിനിധികൾക്കുമായി ഗാലറിയിൽ പ്രവേശനം അനുവദിച്ചെന്നാണ് ആക്ഷേപം. വീസയും പാസ്പോർട്ടും അടക്കമുള്ള രേഖകൾ ഹാജരാക്കി പാസ് എടുക്കുന്ന വിദേശികൾക്കു പൂരം സുഗമമായി കാണാനാണു തെക്കേ ഗോപുരനടയിൽ വിഐപി ഗാലറി ഒരുക്കാറുള്ളത്.
ഇതു കാഴ്ചതടസ്സമുണ്ടാക്കുന്നുവെന്നും ഗാലറി അനുവദിക്കരുതെന്നും കാട്ടി ഹൈക്കോടതിയിൽ നേരത്തെ ഹർജി ലഭിച്ചിരുന്നു. ഗാലറി കുടമാറ്റം മറയ്ക്കുംവിധമാകരുതെന്നു കോടതി ഉത്തരവിടുകയും ചെയ്തു. ഇത്തരം ഗാലറി വേണ്ടെന്നായിരുന്നു ദേവസ്വങ്ങളുടെയും ദേവസ്വം ബോർഡിന്റെയും നിലപാട്. എന്നാൽ, ഇത്തവണയും ഗാലറി ഉയർന്നു. ഡിടിപിസിയാണു ടിക്കറ്റ് ബുക്കിങ്ങടക്കമുള്ള കാര്യങ്ങൾ നിർവഹിക്കുന്നത്. സിപിഎം നേതാക്കൾ പവിലിയനിൽ ഇടംപിടിച്ച കാര്യം അറിയില്ലെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും ഡിടിപിസി സെക്രട്ടറി അറിയിച്ചു.
DeToor reflective wanderings…