പുല്‍പള്ളി: സി.പി.ഐ നേതാവിന്റെ മരണത്തില്‍ അനുശോചിക്കുന്നതിന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ പ്രസംഗിച്ചതിനു പിന്നാലെ സി.പി.എം നേതാവ് കുഴഞ്ഞുവീണു മരിച്ചു. സി.പി.എം വയനാട് ജില്ലാ
കമ്മിറ്റി മുന്‍ അംഗം മുള്ളന്‍കൊല്ലി ചാമപ്പാറ കുമ്പടക്കുംപാടത്ത് സുബ്രഹ്മണ്യനാണ്(കെ.എന്‍.എസ്-73)മരിച്ചത്. ഇന്നു രാവിലെ 11.45 ഓടെയാണ് നാടിനെ ദുഃഖത്തിലാക്കിയ സംഭവം. തിങ്കളാഴ്ച ഉച്ചയോടെ അന്തരിച്ച സി.പി.ഐ വയനാട് ജില്ലാ മുന്‍ അസിസ്റ്റന്റ് സെക്രട്ടറി പുല്‍പള്ളി മണക്കുന്നേല്‍ വിശ്വംഭരന്റെ(72)നിര്യാണത്തില്‍ അനുശോചിക്കുന്നതിനു ചേര്‍ന്ന യോഗത്തില്‍ ഏറ്റവും അവസാനമാണ് സുബ്രഹ്മണ്യന്‍ പ്രസംഗിച്ചിത്. പ്രസംഗം നിര്‍ത്തി ഇരുന്നയുടന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് നല്‍കിയ വെള്ളം കുടിച്ചതിനുപിന്നാലെയാണ് കുഴഞ്ഞുവീണത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഉച്ചകഴിഞ്ഞു മൂന്നു വരെ സി.പി.എം ഏരിയ കമ്മിറ്റി ഓഫീസര്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. സംസ്‌കാരം ബുധനാഴ്ച രാവിലെ 10ന് ചാമപ്പാറയിലെ വീട്ടുവളപ്പില്‍.
പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ പുല്‍പള്ളി, മുള്ളന്‍കൊല്ലി, പൂതാടി പഞ്ചായത്തുകളില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങളുടെ സ്‌നേഹവും ആദരവും സുബ്രഹ്മണ്യന്‍ നേടിയിരുന്നു. അവിഭക്ത പുല്‍പള്ളി പഞ്ചായത്ത് ഭരണസമിതിയംഗം, മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്റ്, കര്‍ഷകസംഘം വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി, പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, പനമരം ഭൂപണയ ബാങ്ക് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: പദ്മിനി. മക്കള്‍: സാബു, ഷീബ. മരുമക്കള്‍: രാജി, സജീവന്‍.
DeToor reflective wanderings…