നിലമ്പൂർ: കോൺഗ്രസിനെ തോൽപ്പിക്കാൻ ഏത് ചെകുത്താനെയും സി.പി.ഐ.എം കൂടെ കൂട്ടുമെന്ന് വി.ഡി സതീശൻ. ആർ.എസ്.എസുമായി അടിയനന്തരാവസ്ഥ കാലത്ത് സഹകരിച്ചിരുന്നുവെന്ന സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.ഐ.എമ്മിനെതിരെ പ്രതിപക്ഷ നേതാവിന്റെ ആരോപണം.
കോൺഗ്രസ് വിരുദ്ധതയുടെ ഭാഗമായി ഏത് ചെകുത്താനുമായും കൂട്ടുകൂടിയും കോൺഗ്രസിനെ പരാജയപ്പെടുത്താനാണ് മുമ്പും ഇപ്പോഴും സി.പി.ഐ.എം ശ്രമിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു. ആർ.എസ്.എസിന്റെ വോട്ട് കിട്ടിയതായി പല അഭിമുഖങ്ങളിലും പിണറായി വിജയൻ പറഞ്ഞിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പിന് മുമ്പേ നടത്തിയ പ്രസ്താവന അത്ര നിഷ്‌കളങ്കമല്ലെന്നും സതീശൻ ആരോപിച്ചു.
“പഴയ സൗഹൃദത്തെക്കുറിച്ച ഉപതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഓർക്കാൻ കാരണമെന്താണ്. പണ്ട് നമ്മൾ ഒന്നിച്ചായിരുന്നു എന്ന് പഴയ പ്രണയിനിയോടുള്ള ഓർമപ്പെടുത്തലാണ് ഇത്. ഇന്നലെ ഗോവിന്ദൻ പറഞ്ഞത് എന്ത് ലക്ഷ്യത്തിലാണെന്ന് എല്ലാവർക്കുമറിയാമെന്നും സതീശൻ അഭിപ്രായപ്പെട്ടു. ദൽഹിയിലെ ഏമാന്മാരെ സന്തോഷിപ്പിക്കലാണ് പിണറായിയുടെ ഇപ്പോഴത്തെ പ്രധാന ജോലി”, വി.ഡി സതീശൻ പറഞ്ഞു.
DeToor reflective wanderings…