തിരുവനന്തപുരം: തനിക്കെതിരെ അധിക്ഷേപ പ്രസംഗം നടത്തിയ ഹിന്ദു ഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ റാപ്പര്‍ വേടന്. തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം പ്രതികരണങ്ങള്‍ വരുന്നതെന്ന് വേടന് പറഞ്ഞു. താന്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തെ അവര്‍ ഭയക്കുന്നത് കൊണ്ടാണ് ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നതെന്നും വേടന് കൂട്ടിച്ചേര്‍ത്തു.
‘ തന്നെ വിഘടനവാദിയും തീവ്രവാദിയുമാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഒരു വ്യകതിയെ മാത്രം ലക്ഷ്യമിട്ടുള്ള ആക്രമണമല്ല ഇത്. തന്നെ പോലെയുള്ളവര്‍ പങ്കുവെക്കുന്ന രാഷ്ട്രീയത്തിനെതിരായ ആക്രമണമാണ് നടക്കുന്നത്,’ വേടന് പറഞ്ഞു.
റാപ്പ് സംഗീതത്തിന് പട്ടിക ജാതിക്കാരുമായി പുലബന്ധം പോലുമില്ലെന്ന ശശികലയുടെ പ്രസ്താവനക്കെതിരെയും വേടന് പ്രതികരിച്ചു. താന്‍ റാപ്പ് പാടേണ്ട എന്ന തിട്ടൂരത്തിന് പുറത്തുള്ള പ്രസ്തവനയാണ് അതെന്നും വേടന് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു വേടനെതിരെ കെ.പി ശശികല അധിക്ഷേപ പ്രസംഗം നടത്തിയത്.