Friday , August 1 2025, 7:49 pm

കേരള യൂണിവേഴ്‌സിറ്റി വിസിയെ അനുകൂലിച്ച് പ്രൊ.രാജന്‍ഗുരുക്കള്‍; സിന്‍ഡിക്കേറ്റിനെതിരെ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റിയില്‍ വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള അസ്വാരസ്യം നിലനില്‍ക്കേ നിലപാട് വ്യക്തമാക്കി ഉന്നത വിദ്യഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ.രാജന്‍ ഗുരുക്കള്‍. വിഷയത്തില്‍ സിന്‍ഡിക്കേറ്റിന്റെ നിലപാടുകളെ തള്ളിയും വിസിയെ അനുകൂലിച്ചും ദി ഹിന്ദുവിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

സര്‍വകലാശാലയിലെ വിസി അധ്യക്ഷനായ എക്‌സിക്യൂട്ടീവ് സമിതിയാണ് സിന്‍സിഡിക്കേറ്റ്. വിസിയില്ലാതെ സിന്‍ഡിക്കേറ്റിന് നിയമപരമായോ പ്രാവര്‍ത്തികമായോ നിലനില്‍പില്ല. യൂണിവേഴ്‌സിറ്റി നിയമങ്ങളേയും സ്റ്റാറ്റിയൂട്ടുകളേയും കുറിച്ച് സിന്‍ഡിക്കേറ്റിനുള്ള ധാരണക്കുറവുകളാണ് സര്‍വകലാശാലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഗുരുക്കള്‍ അഭിപ്രായപ്പെട്ടു.

വിസിയുടെ അധ്യക്ഷതയിലല്ലാതെ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ഒരുമിച്ചൊരു തീരുമാനം എടുത്താല്‍ പോലും അതിന് നിയമപരമായ സാധുതയില്ല. മാത്രമല്ല അച്ചടക്കലംഘനം നടന്നാല്‍ വിസിയുടെ വിവേചനാധികാരത്തെ ആശ്രയിച്ചാണ് സ്റ്റാറ്റിയൂട്ടറി അധികാരങ്ങള്‍ നിര്‍ണയിക്കപ്പെടുക എന്ന് രജിസ്ട്രാര്‍ ബോധവാനായിരിക്കണമെന്നും ഗുരുക്കള്‍ വിമര്‍ശിച്ചു.

സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിയമപരമല്ലാതെ ‘വ്യക്തിഗത അധികാരികളായി’ (individual authority) കണക്കാക്കുന്ന തെറ്റായ കീഴ്‌വഴക്കം കേരള സര്‍വകലാശാലയില്‍ തുടര്‍ന്നുപോരുന്നുണ്ട്. ഈ മിഥ്യാധാരണയില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ക്ക് സ്വകാര്യ ഓഫീസുകള്‍ ഉള്‍പ്പെടെ കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുന്നുണ്ട്. ഭരണപരമായ കൂടുതല്‍ അധികാരങ്ങള്‍ ഇല്ലെങ്കിലും ഒരു സര്‍വകലാശാല ക്യാബിനറ്റിലെ മന്ത്രിമാരെപ്പോലെയാണ് ഇവര്‍ സ്വയം കരുതിപ്പോരുന്നതെന്നുള്ള രൂക്ഷ വിമര്‍ശനവും അദ്ദേഹത്തിന്റെ ലേഖനത്തിലുണ്ട്.

പ്രൊ.രാജന്‍ ഗുരുക്കളിന്റെ വിമര്‍ശനത്തിനെതിരെ സിപിഎം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഉന്നത വിദ്യഭ്യാസ മേഖലയില്‍ സംഘപരിവാറിന്റെ പ്രതിലോമ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണ് ഗുരുക്കളിന്റെ പ്രസ്താവനയെന്ന് എകെപിസിടിഎ വിമര്‍ശിച്ചു. സര്‍വകലാശാല നിയമവും ചട്ടവും സംബന്ധിച്ച് ഗുരുക്കള്‍ക്ക് വേണ്ടത്ര ധാരണയില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവ തെളിയിക്കുന്നു എന്നാണ് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ (എഫ്യുടിഎ) വിമര്‍ശിച്ചത്.

Comments