തിരുവനന്തപുരം: കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ വച്ച് ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കാന്‍ മന്ത്രിസഭ യോഗത്തില്‍ തീരുമാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും. കെഎസ്ഇബി നേരത്തേ 5 ലക്ഷം രൂപ കുടുംബത്തിന് കൈമാറിയിരുന്നു. 5 ലക്ഷം രൂപ കൂടി വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി മിഥുന്റെ വീട്ടിലെത്തി കൈമാറും.
നേരത്തേ പൊതുവിദ്യഭ്യാസ വകുപ്പിന്റെ അക്കൗണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപ അടിയന്തിര സഹായമായി മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നു. വിദ്യാര്‍ത്ഥി പഠിച്ച തേവലക്കര സ്‌കൂളിലെ മാനേജ്‌മെന്റും കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. പൊതു വിദ്യഭ്യാസ വകുപ്പ് സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് മുകേന മിഥുന്റെ കുടുംബത്തിന് വീട് വച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനിടെ മിഥുന്റെ മരണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജരേയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി. പ്രധാന അധ്യാപികയും കെഎസ്ഇബി എഞ്ചിനീയറും പ്രതിപ്പട്ടികയിലുണ്ട്. അപകടകരമായ അവസ്ഥയില്‍ വൈദ്യുത ലൈന്‍ താണുകിടന്നിട്ടും ബന്ധപ്പെട്ടവര്‍ നടപടി എടുത്തില്ലെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.