Thursday , June 26 2025, 9:00 am

ഉണ്ണി മുകുന്ദനെതിരായ പരാതി; സി.സി.ടിവിയില്‍ കയ്യേറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ്

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ മര്‍ദിച്ചെന്ന മുന്‍ മാനേജറുടെ പരാതി തള്ളി പൊലീസ്. ഫ്‌ളാറ്റിലെ സി.സി.ടി.വിയില്‍ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളില്ലെന്ന് പൊലീസ് പറഞ്ഞു. മുന്‍ മാനേജര്‍ പരാതിയില്‍ പറഞ്ഞ പല കാര്യങ്ങളും ശരിയല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

നരിവേട്ടയെ പ്രശംസിച്ച് പോസ്റ്റിട്ടതിന് നടന്‍ ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് കാട്ടി കഴിഞ്ഞ ദിവസമാണ് നടന്റെ മുന്‍ മാനേജര്‍ കൂടെയായ വിപിന്‍ കുമാര്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ നടനെതിരെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസാണ് കേസെടുത്തത്.

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ ‘മാര്‍ക്കോ’ തിയേറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ റിലീസായ ഗെറ്റ് സെറ്റ് ബേബി വന്‍ പരാജയമായി മാറിയെന്നും അന്നുമുതല്‍ അദ്ദേഹം മാനസികമായി വലിയ നിരാശയിലാണെന്നും വിപിന്‍ പരാതിയില്‍ പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി ഉണ്ണി മുകുന്ദന്‍ അസ്വാരസ്യത്തിലാണ്. ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍നിന്ന് നിര്‍മാതാക്കളായ ഗോകുലം മൂവീസ് പിന്മാറി. ഇത് താരത്തിന് വലിയ ഷോക്കായെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

Comments