കോഴിക്കോട് : ഖത്തറിലെ ഇന്ത്യക്കാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത. ഖത്തറിലും ഇനി യുപിഐ വഴി പേയ്‌മെന്റുകള്‍ ചെയ്യാം. ഖത്തര്‍ നാഷണല്‍ ബാങ്കുമായി (QNB) സഹകരിച്ച് എന്‍പിസിഐ ‘ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡ് (NIPL), ക്യു ആര്‍ കോഡ് വഴിയുള്ള പേയ്മെന്റുകള്‍ ആരംഭിച്ചു. QNB ഏറ്റെടുത്ത POS ടെര്‍മിനലുകളും NETSTARS-ല്‍ നിന്നുള്ള പേയ്മെന്റ് സൊല്യൂഷനുമുള്ള കച്ചവടക്കാരാണ് ഈ സൗകര്യം നല്‍കുന്നത്. ഖത്തറിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഖത്തര്‍ ഡ്യൂട്ടി ഫ്രീ പോലുള്ള ഔട്ട്ലെറ്റുകളിലും ഇന്ത്യന്‍ യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ ഇതുവഴി കഴിയും.
രാജ്യത്തിന്റെ പുറത്തുനിന്നുള്ള രണ്ടാമത്തെ വലിയ സന്ദര്‍ശകരാണ് ഇന്ത്യന്‍ യാത്രികര്‍. ഖത്തര്‍ യുപിഐ പേയ്‌മെന്റ് സൗകര്യം രാജ്യത്ത് അംഗീകരിക്കുന്നതോടെ ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് ശൃംഖല കൂടുതല്‍ ശക്തിപ്പെടും. ഖത്തറിലുള്ള ഇന്ത്യന്‍ യാത്രക്കാര്‍ക്ക് സുരക്ഷിതവും തടസ്സമില്ലാത്തതുമായ പേയ്മെന്റ് സൗകര്യം ഉറപ്പാക്കാനുമാകും.
നിലവില്‍ ഭൂട്ടാന്‍, ഫ്രാന്‍സ്, മൗറീഷ്യസ്, നേപ്പാള്‍, സിംഗപ്പൂര്‍, ശ്രീലങ്ക, യുഎഇ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ തിരഞ്ഞെടുത്ത വ്യാപാര ഔട്ട്ലെറ്റുകളില്‍ ഇപ്പോള്‍ യുപിഐ വഴിയുള്ള പണമിടപാടുകള്‍ സാധ്യമാണ്.