കല്‍പറ്റ: സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പ് ഒമ്പത്, 10 തീയതികളില്‍ തിരുവനന്തപുരം ആറ്റിങ്ങലില്‍ നടക്കാനിരിക്കേ വയനാട്ടില്‍ വിവാദം. ചാമ്പ്യന്‍ഷിപ്പിന് വൈത്തിരിയില്‍
സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകന്‍ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വര്‍ ബോക്സിംഗ് അസോസിയേഷന്‍ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം. സെലക്ഷന്‍ ട്രയല്‍സ് അനധികൃതമാണെന്ന് അസോസിയേഷന്‍ ആരോപിച്ചു.
അസോസിയേഷന്റെ പ്രവര്‍ത്തനം അട്ടിമറിക്കാന്‍ തത്പര കക്ഷികള്‍ നീക്കം നടത്തുന്നതായി അവര്‍ കുറ്റപ്പെടുത്തി. സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ടെക്നിക്കല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ഇതില്‍ ജില്ലാ അസോസിയേഷനുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബോക്സിംഗ് ക്ലബുകളിലെ കായികതാരങ്ങള്‍ക്ക് സെലക്ഷന്‍ ഇല്ലാതെ പങ്കെടുക്കാം. 2009ലും 2010ലും ജനിച്ച ബോക്സര്‍മാര്‍ക്കാണ് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കാന്‍ അവസരം.
അതിനിടെ, സംസ്ഥാന ജൂനിയര്‍ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പുമായി ബന്ധപ്പെട്ട് സെലക്ഷന്‍ ട്രയല്‍സ് നടത്തിയിട്ടില്ലെന്ന് പരിശീലകന്‍ പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍ ജില്ലയില്‍നിന്നു പങ്കെടുക്കുന്നവര്‍ക്ക് ബോധവത്കരണം നല്‍കുന്നതിനാണ് വൈത്തിരിയില്‍ പരിപാടി തീരുമാനിച്ചത്. മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കിയ അറിയിപ്പില്‍ ‘സെലക്ഷന്‍’ എന്ന് അബദ്ധവശാല്‍ കടന്നുകൂടുകയായിരുന്നു. ബോധവത്കരണം നല്‍കുന്നതിന് ആരില്‍നിന്നും ഫീസ് വാങ്ങിയിട്ടില്ല. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള ഒരുക്കം സംബന്ധിച്ച് മുന്‍ വര്‍ഷങ്ങളിലും ബോധവത്കരണം നല്‍കിയിട്ടുണ്ട്. ഇത് താരങ്ങള്‍ അവസര നിഷേധം നേരിടുന്നത് ഒഴിവാകുന്നതിന് സഹായകമായിട്ടുണ്ട്.
DeToor reflective wanderings…