തിയേറ്ററുകളില്‍ നിറഞ്ഞോടിയ മോഹന്‍ലാല്‍ ചിത്രമാണ് ‘തുടരും’. മോഹന്‍ലാലിന്റെ ഈ വര്‍ഷത്തെ രണ്ടാമത്തെ ബ്ലോക്‌ബെസ്റ്ററായ ചിത്രം വലിയ പ്രേക്ഷക പിന്തുണയാണ് നേടിയത്. കഴിഞ്ഞ ദിവസമാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ‘തുടരും’ ഒ.ടി.ടിയില്‍ റിലീസായത്. ജിയോ ഹോട്‌സ്റ്റാറിലാണ് ചിത്രം റിലീസായത്. ഒ.ടി.ടിയിലെത്തി ഒരു ദിവസം മാത്രം ആകുമ്പോള്‍ തിയേറ്ററില്‍ ലഭിച്ച അതേ പിന്തുണ ചിത്രത്തിന് ഒ.ടി.ടിയിലും ലഭിക്കുകയാണ്. കേരളത്തിന് പുറമേ നിന്ന് പോലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒ.ടി.ടി റിലീസിന് പിന്നാലെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ച ആവുകയാണ്.
എക്‌സില്‍ ഉള്‍പ്പടെ നിരവധി ആളുകളാണ് മോഹന്‍ലാലിനെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്. മലയാളികള്‍ക്ക് പുറമേ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള സിനിമാ സ്‌നേഹികളുടെയും അഭിനന്ദന പോസ്റ്റുകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മലയാളത്തിന് പുറമേ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം ലഭ്യമാണ്. ഒ.ടി.ടിയിലെത്തി ഒരു ദിവസം മാത്രമാവുമ്പോള്‍ ജിയോ ഹോട്‌സ്റ്റാലിലെ ട്രന്‍ഡിങ് ചിത്രമായി തുടരും മാറി.
ചിത്രം തിയേറ്ററില്‍ എത്തിയപ്പോള്‍ വന്‍ പ്രേക്ഷക സ്വീകാര്യത നേടിയെങ്കിലും മലയാളം പതിപ്പിന് ലഭിച്ച പിന്തുണ മറുഭാഷാ പതിപ്പിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഒ.ടി.ടിയിലെത്തിയപ്പോള്‍ അതും മറി കടക്കാന്‍ ചിത്രത്തിന് സാധിച്ചു എന്നതാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തെ കുറിച്ച് ഒരു നെഗറ്റീവ് കമന്റ് പോലും പറയാന്‍ ഇല്ലെന്നടക്കം അഭിനന്ദിച്ച് മതിവരാത്ത അവസ്ഥയിലാണ് പ്രേക്ഷകര്‍.
അതോടൊപ്പം തന്നെ ചിത്രം മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്ന അഭ്യര്‍ഥനയും ഒരു കൂട്ടം ആളുകള്‍ ചിത്രത്തിന്‍രെ അണിയറ പ്രവര്‍ത്തകരുടെ മുന്നില്‍ വെക്കുന്നുണ്ട്.
മോഹന്‍ലാലിനോടൊപ്പം തന്നെ ചിത്രത്തിലെ വില്ലന്‍ കഥാപാത്രം അവതരിപ്പിച്ച പ്രകാശ് വര്‍മക്കും വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിച്ചത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍. സുനിലും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്്.