Thursday , June 26 2025, 4:13 pm

പിറകെ നടന്ന് കാല് പിടിക്കാനാകില്ല; നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന് ഇ.എ സുകു

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പി.വി അന്‍വര്‍ മത്സരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഇ.എ സുകു. കോണ്‍ഗ്രസ് ടി.എം.സിയെ അപമാനിച്ചുവെന്നും ഇനിയും മുന്നണിയിലെടുക്കുമോയെന്ന് കാല് പിടിക്കാനാകില്ലെന്നും ഇ.എ സുകു പറഞ്ഞു.

‘കോണ്‍ഗ്രസിലെ ഒരു വിഭാഗം തങ്ങള്‍ക്ക് മുന്നില്‍ വാതിലടച്ച തരത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ വീണ്ടും പോയി വാതില്‍ മുട്ടേണ്ട എന്ന അഭിപ്രായമാണ് ടി.എം.സിക്ക്. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് ജനങ്ങള്‍ സ്വീകരിക്കണമെങ്കില്‍ പി.വി അന്‍വര്‍ തന്നെയാണ് നിലമ്പൂരില്‍ മത്സരിക്കാന്‍ ഏറ്റവും യോഗ്യന്‍,’ ഇ.എ സുകു പറഞ്ഞു.

എന്നാല്‍ പി.വി അന്‍വര്‍ വിഷയത്തില്‍ ഇതുവരെ അന്തിമ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇന്ന് ടി.എം.സിയുടെ സംസ്ഥാന സമിതി യോഗവും ചേരുന്നുണ്ട്. നേരത്തെ യു.ഡി.എഫ് മുന്നണിയില്‍ എടുക്കുന്നതില്‍ കാലതാമസം വരുന്നതില്‍ പരസ്യ പ്രതിഷേധവുമായി അന്‍വര്‍ രംഗത്തെത്തിയിരുന്നു. കെ.സി വേണുഗോപാലുമായി ചര്‍ച്ച നടത്തിയതിന് ശേഷം മത്സരിക്കുമോ എന്ന തീരുമാനത്തില്‍ എത്തുമെന്നാണ് അന്‍വര്‍ പറഞ്ഞത്. എന്നാല്‍ അന്‍വറുമായൊരു കൂടിക്കാഴ്ച തീരുമാനിച്ചിട്ടില്ലെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്.

 

Comments