മൈസൂരു: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ മൈസൂരിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. നാഗര്‍ഹോളെ കടുവസംരക്ഷണകേന്ദ്രത്തിലെ രണ്ട് സഫാരി റൂട്ടുകള്‍ അടച്ചിടുമെന്ന് വനംവകുപ്പ് അറിയിച്ചു. കനത്ത മഴയെ തുടര്‍ന്ന് വനങ്ങളിലൂടെ സഞ്ചരിക്കാന്‍ സഫാരി വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടായതിനാലാണ് അടച്ചിടാന്‍ തീരുമാനിച്ചത്.
ബുധനാഴ്ച മുതല്‍ നാനാച്ചി, വീരനഹോസഹള്ളി ഗേറ്റുകളില്‍നിന്ന് സഫാരി നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, ദമ്മനക്കട്ടെയില്‍ നിന്നുള്ള സഫാരി പതിവുപോലെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
മൈസൂരു ജില്ലയിലെ ഒന്‍പത് താലൂക്കുകളിലും മേയ് ഒന്നുമുതല്‍ 27 വരെ സാധാരണയെക്കാള്‍ കൂടുതല്‍ മഴ ലഭിച്ചതായാണ് കണക്ക്. മേയില്‍ ശരാശരി 102.5 മില്ലിമീറ്റര്‍ മഴ ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെയായി ആകെ 158.1 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ നടുവട്ടത്തിനടുത്ത് പാറകള്‍ റോഡിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഈ വഴിയില്‍ ഗതാഗതം ഭാഗികമായി അടച്ചു. പകല്‍സമയത്ത് നിയന്ത്രണങ്ങളോടെ അത്യാവശ്യ വാഹനങ്ങള്‍ കടത്തിവിടുമെന്നും രാത്രി ഗതാഗതം അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.
DeToor reflective wanderings…