Wednesday , March 11 2026, 6:28 am

ശവപ്പെട്ടിയുമായി പ്രതിഷേധം; ശമ്പളം കിട്ടാതെ പതിനാറായിരത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍

കോഴിക്കോട്: കഴുത്തില്‍ കുരുക്കിട്ടും ശവപ്പെട്ടി ചുമന്നും പൊരിവെയിലില്‍ കൈക്കുഞ്ഞുങ്ങളെ തോളിലിട്ടും അധ്യാപകര്‍. നിയമന അംഗീകാരം കിട്ടാത്തതിനാല്‍ ശമ്പളം പോലുമില്ലാതെ ദുരിതത്തിലായ അധ്യാപകരാണ് ഡിഡിഇ ഓഫിസിനു മുന്നില്‍ സമരവുമായി എത്തിയത്. കേരള എയ്ഡഡ് ടീച്ചേഴ്‌സ് കലക്ടീവ് (കെഎടിസി) സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും ധര്‍ണയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി.അന്‍വര്‍ ഉദ്ഘാടനം ചെയ്തു.
വരുമാനമില്ലാത്തിനാല്‍ ചികിത്സയ്ക്കും ഭക്ഷണത്തിനും യാചിക്കേണ്ട ഗതികേടിലാണെന്ന് അധ്യാപകര്‍ അനുഭവം പങ്കിട്ടു. കിടപ്പുരോഗികളായ മാതാപിതാക്കളെ സംരക്ഷിക്കാനോ കുടുംബത്തെ പോറ്റാനോ കഴിയാത്തതിനാല്‍ പലരും ആത്മഹത്യയുടെ വക്കിലാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പതിനാറായിരത്തോളം എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്കാണു ഭിന്നശേഷി സംവരണം നടപ്പാക്കാത്തതിന്റെ പേരില്‍ നിയമനാനുമതി ലഭിക്കാത്തത്.
കേരളത്തില്‍ അര്‍ഹതയുള്ള അവകാശങ്ങള്‍ ലഭിക്കണമെങ്കില്‍ യാചനാസമരം നടത്തേണ്ട ഗതികേടാണ്. ആശാ വര്‍ക്കര്‍മാരും അധ്യാപകരും ജോലി ചെയ്ത വേതനത്തിനായി തെരുവില്‍ ഇറങ്ങുമ്പോള്‍ നാലാം വാര്‍ഷിക പരിപാടികള്‍ക്കായി 225 കോടി രൂപ ചെലവഴിക്കുന്ന തിരക്കിലായിരുന്നു സര്‍ക്കാരെന്നും പി.വി.അന്‍വര്‍ പറഞ്ഞു.

 

Comments