Friday , June 27 2025, 2:03 am

ശരിയായ നിലപാടെടുത്താല്‍ കൂടെ നിര്‍ത്തും, ധിക്കാരം തുടര്‍ന്നാല്‍ അയാളെ കൂടെ പരാജയപ്പെടുത്തും; അന്‍വറിനെതിരെ വി.ടി. ബല്‍റാം

പാലക്കാട്: നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.വി. അന്‍വറിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. അന്‍വര്‍ താന്‍പോരിമയും ധിക്കാരവും തുടര്‍ന്നാല്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട് നിലമ്പൂര്‍ യു.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

‘അയാള്‍ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അയാളെ കൂടെ നിര്‍ത്തിക്കൊണ്ട്, അയാള്‍ താന്‍പോരിമയും ധിക്കാരവും തുടരുകയാണെങ്കില്‍ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂര്‍ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും’ എന്നാണ് വി.ടി ബല്‍റാം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ആര്യാടന്‍ ഷൗക്കത്തിനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയതില്‍ അതൃപ്തി പരസ്യമാക്കി അന്‍വര്‍ രംഗത്തെത്തിയിരുന്നു. ആരെയും എം.എല്‍.എ ആക്കാനല്ല താന്‍ രാജിവെച്ചതെന്നാണ് അന്‍വര്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. യു.ഡി.എഫിലേക്കുള്ള മുന്നണി പ്രവേശനം വൈകുന്നതിലും അന്‍വറിന് അതൃപ്തി ഉണ്ട്. ഇന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുമായും അന്‍വര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

താന്‍ മുന്നോട്ടുവെച്ച കാര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ ഒറ്റക്ക് മത്സരിക്കുമെന്നും അന്‍വര്‍ സൂചന നല്‍കിയിരുന്നു.

Comments