ജെയ്ക് തോമസ്
97 ലായിരുന്നു വെട്ടി നിരത്തൽ സമരം .കുട്ടനാടൻ വയലേലകളെ സംരക്ഷിക്കാൻ വി എസ് നേതൃത്വം കൊടുത്ത ഭൂസമരം . 2006ൽ മുഖ്യമന്ത്രിയായപ്പോൾ വി.എസ് നിയമം കൊണ്ടുവന്നു . നെൽവയൽ , തണ്ണീർത്തട സംരക്ഷണ നിയമം . 2016 ൽ പിണറായി ഭേദഗതി കൊണ്ടുവന്നു. ഫീസടച്ച് വയലുകൾ നികത്താം. ഇതിലൊരു രാഷ്ട്രീയമുണ്ട്. കേരളത്തിലെ സി.പി.എമ്മിൻ്റെ കഥയും കഥാശേഷവുമുണ്ട് .ഒന്ന് ജനാഭിമുഖ്യമായി നിന്നത്. മറ്റൊന്ന് പൗരപ്രമുഖരെ ചേർത്ത് നിറുത്തുന്നത്.. ഇതിലൊരു വർഗബോധത്തിൻ്റെ കാതലായ പ്രശ്നം ഉണ്ട്. പരിസ്ഥിതിയും പെണ്ണും പ്രകൃതിയും തൊഴിലുമുണ്ട്. പഴയ കമ്മ്യൂണിസ്റ്റും പുത്തൻകൂറ്റുകാരുമെന്ന അവബോധമുണ്ട്.
സമരം മറന്നാൽ കമ്യൂണിസ്റ്റാവില്ല .
സമരസപ്പെട്ടവൻ പുത്തൻ കമ്യൂണിസ്റ്റ് .
പരാജയം ഭക്ഷിച്ചവൻ കമ്മ്യൂണിസ്റ്റെന്ന് എം.എൻ വിജയൻ. അയാൾ വി. എസ്സെന്ന് വ്യാഖ്യാനം. പാർട്ടിയെ നയിച്ചിട്ടും എം.എൽ എ ആവാൻ വി എസ് വൈകി. 44-ാം വയസ്സിൽ എം.എൽ എ ആയിട്ടും മുഖ്യമന്ത്രിയാവാൻ അതിലും വൈകി .മുഖ്യമന്ത്രി ആവേണ്ടപ്പോഴൊക്കെ പ്രതിപക്ഷ നേതാവായി . നായനാരായും തോൽവിയായും വന്നു. 96 ൽ പാർട്ടി ജയിച്ചപ്പോൾ മാരാരിക്കുളത്തെ ഉറച്ച മണ്ണിൽ സഖാക്കൾ തോൽപ്പിച്ചു. പ്രതിപക്ഷ നേതാവിൻ്റെ ശോഭയിൽ നിന്നപ്പോൾ 2006 ൽ മത്സരിക്കാൻ വിലക്ക് വന്നു. കേരളം തെരുവിലിറങ്ങിയപ്പോൾ പാർട്ടി തിരുത്തി . മുഖ്യമന്ത്രിയായി. 2011 ൽ പിന്നെയും മത്സരം നിഷേധിച്ചു. ജനമിളകിയപ്പോൾ പാർട്ടി പതറി. ഇടതുമുന്നണി കോട്ടകളായിരുന്ന രണ്ടു മണ്ഡലങ്ങളിൽ പാർട്ടി തോറ്റു കൊടുത്തപ്പോൾ രണ്ട് എം.എൽ . എ മാരുടെ ബലത്തിൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി . വി എസ് പ്രതിപക്ഷ നേതാവ് . തുടർഭരണത്തിൻ്റെ ക്രെഡിറ്റ് വേണ്ടായെന്ന് ആരൊക്കെയോ ചേർന്ന് തീരുമാനിച്ചു ഇതിലൊരു സവിശേഷമായ അന്തർധാരയുണ്ട്. എന്നും പ്രതിപക്ഷത്തായിരിക്കുകയെന്നത്. മൂന്നു വട്ടം പ്രതിപക്ഷ നേതാവ് .ഒരു വട്ടം മാത്രം മുഖ്യമന്ത്രി .
പ്രതിപക്ഷമാണ് ജനം.
2016 ൽ പ്രതിപക്ഷ നേതാവായി. കാസർകോട് മുതൽ കളിയിക്കാവിളവരെ ഇളക്കി മറിച്ചു. ഈഴവ വോട്ട് ബാങ്കിൻ്റെ മൊത്തക്കച്ചവടക്കാരനെ മൈക്രോ ഫിനാൻസിൻ്റെ പെട്ടിയിലടച്ചു ഈഴവ വോട്ടിനെ എ.കെ. ജി സെൻ്ററിൽ ഭദ്രമാക്കി. ഇരുണ്ടു വെളുത്തപ്പോഴേക്കും ഈ കച്ചവടക്കാരൻ തന്നെ പുത്തൻക്കുറ്റുകാരുടെ ചരിത്ര പുരുഷനായി. മുന്നണി ജയിച്ചു വന്നപ്പാൾ മുഖ്യമന്ത്രി വേറെ ആളായി . ഭരണപരിഷ്ക്കാര കമ്മീഷൻ്റെ കാബിനറ്റ് പദവി ബോണസായി കൊടുത്തു. പാർലിമെൻ്ററി രാഷ്ട്രീയത്തിലെത്തിയപ്പോൾ സംഘടനാ തത്വം പറഞ്ഞ് അടി വെട്ടി .സംഘടനാ രാഷ്ട്രീയത്തിലായിരുന്നപ്പോൾ ഭരണം പറഞ്ഞ് ഒതുക്കി . തിരുവിതാംകുറിൽ നിന്ന് ഒരു പാർട്ടി സെക്രട്ടറിയേ ഉണ്ടായിട്ടുള്ളു . ഇ എം എസും നായനാരും ഉള്ളാലെ സവർണരായിയിരുന്നുവെന്ന വിശ്വാസം ഒരിക്കലും തിരുത്തിയില്ല . ജാതിയും വിവേചനവും വേദനയും അറിഞ്ഞവനേ അത് മനസ്സിലാവു . വി. എസ് ഇല്ലാത്ത പാർട്ടിയെന്ന് വിങ്ങിപ്പൊട്ടും പുത്തൻകൂറ്റുകാർ. വി എസിനെ വേണ്ടാതായ പാർട്ടിയെന്നാണ് ഇതിൻ്റെ തിരുത്ത്. അങ്ങനെയാണ് അവസാന കമ്മ്യൂണിസ്റ്റ് ഈ വി.എസെന്നെ ബോധ്യം ജനത്തിനുണ്ടായത്. കണ്ണിലും കരളിലും കൊണ്ടു നടന്നത്. അപ്പോൾ അങ്ങനെ സഖാക്കളെ . ഇനിയില്ല ലാൽസലാം .