വാഷിംങ്ടൺ: എച്ച്-1 ബി വിസ അപേക്ഷ ഫീസ് കുത്തനെ വർധിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വിസ വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറാക്കിയാണ് ഉയർത്തിയത്. കുടിയേറ്റം നിയന്ത്രിക്കുന്നതിനാണ് പുതിയ തീരുമാനമെന്നാണ് ട്രംപിന്റെ വിശദീകരണം. നിലവിൽ 1700നും 4500 ഡോളറിനും ഇടയിലാണ് ഫീസ്. ടെക് കമ്പനികൾക്ക് വൻ തിരിച്ചടിയാകും പുതിയ നടപടിയെന്നാണ് വിലയിരുത്തൽ. ഇന്ത്യൻ ഐടി പ്രൊഫഷനലുകൾക്കും ചെറുകിട കമ്പനികൾക്കും കനത്ത സാമ്പത്തിക ഭാരമാണുണ്ടാവുക.
വെള്ളിയാഴ്ച്ചയാണ് ഫീസ് വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം വൈറ്റ് ഹൗസ് നടത്തിയത്. വൈദഗ്ധ്യം ആവശ്യമുള്ള തൊഴിൽ മേഖലകളിൽ വിദേശ തൊഴിലാളികളെ നിയമിക്കാൻ അനുവദിക്കുന്ന നോൺ-ഇമിഗ്രന്റ് വിസയാണ് H1B വിസ. വിവരസാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ശാസ്ത്രം, ഫിനാൻസ്, വൈദ്യശാസ്ത്രം തുടങ്ങിയ തൊഴിൽ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അമേരിക്കയിലെ തൊഴിലുടമയാണ് ഈ വിസക്ക് അപേക്ഷിക്കുന്നത്. പുതിയ നടപടി യുഎസില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന്റെ അടിസ്ഥാന ഘടന തന്നെ മാറ്റി മറിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.