Thursday , June 26 2025, 8:37 pm

ട്രാന്‍സ് ദമ്പതികളുടെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍, അമ്മ വേണ്ട; പകരം രക്ഷിതാക്കളെന്ന് ചേര്‍ക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ രക്ഷിതാക്കള്‍ക്ക് ജനിച്ച കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ അമ്മ, അച്ഛന്‍ എന്നീ ലിംഗപരമായ പദങ്ങള്‍ക്ക് പകരം രക്ഷിതാക്കള്‍ എന്ന് മാത്രം രേഖപ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. കോഴിക്കോട് സ്വദേശികളായ ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികളുടെ ഹരജിയിലാണ് ഉത്തരവ്. അച്ഛനും അമ്മയ്ക്കും പകരം രക്ഷിതാക്കള്‍ എന്ന് രേഖപ്പെടുത്തണമെന്ന് കോടതി നിര്‍ദേശിച്ചു. രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി നല്‍കാന്‍ കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

നേരത്തെ കോര്‍പറേഷന് ട്രാന്‍സ്‌ജെന്‍ഡര്‍ ദമ്പതികള്‍ ഈ ആവശ്യം ഉന്നയിച്ച് പരാതി നല്‍കിയിരുന്നു. എന്നാല്‍ നിലവിലെ നിയമം അനുസരിച്ച് ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛനും അമ്മയും എന്ന് മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കൂവെന്ന് കോര്‍പറേഷന്‍ അറിയിച്ചു. ഇതനുസരിച്ചുള്ള ജനന സര്‍ട്ടിഫിക്കറ്റും അനുവദിക്കുകയായിരുന്നു.

തുടര്‍ന്ന് 2023ലാണ് കുട്ടിയുടെ രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.ഇതിലാണ് ഇപ്പോള്‍ കോടതിയുടെ നിര്‍ണായക വിധി വന്നിരിക്കുന്നത്. കോര്‍പേറഷന്‍ ഇവര്‍ക്ക് പുതിയ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും രക്ഷിതാവ് എന്ന് രേഖപ്പെടുത്താന്‍ പുതിയ കോളം ഉള്‍പ്പെടുത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റില്‍ രക്ഷിതാക്കളുടെ ലിംഗസ്വത്വം രേഖപ്പെടുത്തരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

 

Comments