മലയാളത്തില്‍ അടുത്തിടെ ഇറങ്ങിയ കോമഡി ഹൊറര്‍ ചിത്രമാണ് രോമാഞ്ചം. ഒരു കോമഡി ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ച ചിത്രം കൂടെയാണിത്. സൗബിന്‍ ഷാഹിര്‍, അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമായി ഒരുക്കിയ ചിത്രം തിയേറ്ററുകളിലും പിന്നീട് ഒ.ടി.ടിയിലും നിരവധി പ്രേക്ഷരെയാണ് ചിരിപ്പിച്ചത്. ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ‘കപ്കപി’.
പ്രശസ്ത സംവിധായകന്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത ചിത്രം മേയ് 23നാണ് തിയേറ്ററുകളില്‍ എത്തിയത്. സീ സ്റ്റുഡിയോസ്, ബ്രാവോ എന്റര്‍ടെയ്‌മെന്റ് എന്നീ ബാനറുകളില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിച്ചത്.
അടുത്തിടെ റിലീസായ ചിത്രത്തിന്റെ ടീസര്‍ മലയാളി ഓഡിയന്‍സിനിടയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ രോമാഞ്ചം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ ഹിറ്റ് പടം ഫ്‌ളോപ്പായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചിത്രത്തിന് മിക്ക തിയേറ്ററുകളിലും കാഴ്ചക്കാര്‍ കുറവാണ്. ബോളിവുഡ് താരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിബ്ഹി, സോണിയ റാത്തി, വിവേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. തുഷാര്‍ കപൂറാണ് ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി എത്തുന്നത്. ശ്രേയസ് തല്‍പാഡെയാണ് സൗബിന്‍ ഷാഹിറിന്റെ വേഷം അവതരിപ്പിക്കുന്നത്.
റിലീസായി നാല് ദിവസം പിന്നിടുമ്പോള്‍ 99 ലക്ഷം രൂപ നെറ്റ് കളക്ഷനാണ് ‘കപ്കപി’ നേടിയതെന്നാണ് റിപ്പോര്‍ട്ട്. ആദ്യദിനത്തില്‍ ചിത്രം 0.2 കോടിയാണ് നേടിയത്. രണ്ടും നാലും ദിവസമായപ്പോള്‍ വെറും 30 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാനായത്. ഓവര്‍സീസ് കളക്ഷനും ചേര്‍ത്താല്‍ ചിത്രം മൊത്തത്തില്‍ 1.22 കോടി രൂപയാണ് നേടിയത്.