ഡോ. വസിഷ്ഠ്.എം.സി

കേരളത്തിലെ ഏറ്റവും വലിയ ഉത്സവകാലവും ഷോപ്പിംഗ് സമയവുമാണ് ഓണം. വിനോദത്തിന്റെ വര്‍ണ്ണാഭമായ ആഘോഷം കൂടിയാണിത്. പുലിക്കളി, വള്ളംകളി, തിരുവാതിരക്കളി ഇതെല്ലാം ഓണവുമായി ബന്ധപ്പെട്ട പ്രധാന വിനോദങ്ങളാണ്. മലയാളികള്‍ ഏറ്റവും കൂടുതല്‍ യാത്ര ചെയ്യുന്നതും ഷോപ്പിംഗ് നടത്തുന്നതും ഓണസമയത്താണ്. ഓണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രശസ്തമായ പഴഞ്ചൊല്ലാണ് ‘കാണം വിറ്റും ഓണം ഉണ്ണണം’ എന്നത്. (എ.ഡി.9-ാം നൂറ്റാണ്ട് മുതല്‍ കേരളത്തില്‍ വികസിച്ചുവന്ന കാര്‍ഷിക സമ്പദ് ഘടനയുടെ അടിസ്ഥാന ഊരാള-കാരാള ബന്ധമായിരുന്നു. ഭൂമിയിന്മേല്‍ ഉടമസ്ഥാവകാശമുള്ളവരാണ് ഊരാളര്‍. ഊരാളന്റെ ഭൂമി പാട്ടത്തിനെടുത്ത് അവിടെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നവരാണ് കാരാളന്മാര്‍.
കാരാളന്‍ ഊരാളന് കൊടുക്കുന്ന കാണമാണ് കാര്‍ഷിക സമ്പദ്ഘടനയുടെ അടിസ്ഥാനം. കാരാളന്‍ കാണം കൊടുക്കാതെ നിന്നാല്‍ കാര്‍ഷിക സമ്പദ്ഘടന പ്രതിസന്ധിയിലാവും. കാരാളന്റെ പരമപ്രധാനമായ ചുമതലയാണ് ഊരാളന് കാണം നല്‍കുക എന്നത്. കാണം വില്‍ക്കുക എന്നത് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃര്‍ത്തിയാണ്.) അതും ചെയ്തും ഓണം ഉണ്ണണം എന്നത് ഓണത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
ചരിത്രത്തിലെ ഓണം
കാര്‍ഷികപ്രാധാന്യമുള്ള ഒരു വിളവെടുപ്പുത്സവമാണ് ഓണം. ഈ വിളവെടുപ്പ് ഉത്സവത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ഓണത്തെക്കുറിച്ചുള്ള ആദ്യകാല സാഹിത്യ പരാമര്‍ശം സംഘകൃതികളില്‍ ഒന്നായ മധുരകാഞ്ചിയില്‍ കാണപ്പെടുന്നു (ദക്ഷിണേന്ത്യയില്‍ നിന്നുള്ള ആദ്യകാല സാഹിത്യ മാതൃകയാണ് സംഘകൃതികള്‍. അവ ബിസി 300 – എഡി 300 കാലഘട്ടത്തിലാണ് സമാഹരിച്ചത്). ഓണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എഡി 900 നും എഡി 1200 നും ഇടയിലുള്ള നാല് ചേര ലിഖിതങ്ങളെങ്കിലും കാണപ്പെടുന്നു. അവ തിരുവാറ്റുവായ ലിഖിതം (എഡി 861), തൃക്കാക്കര ലിഖിതം (എഡി 10-ാം നൂറ്റാണ്ട്), തിരുവല്ല ലിഖിതം (എഡി 11-ാം നൂറ്റാണ്ട്), തലക്കാട് ലിഖിതം (എഡി 1024).
മുകളില്‍ സൂചിപ്പിച്ച നാല് ലിഖിതങ്ങള്‍ പ്രകാരം ഓണം ഒരു കാര്‍ഷിക/വിളവെടുപ്പ് ഉത്സവമായിരുന്നു. ചേര പെരുമാക്കന്മാരുടെ കാലഘട്ടത്തിലാണ് കേരളത്തില്‍ നദീതടങ്ങളില്‍ കാര്‍ഷിക ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവന്നത്. മധ്യകാല കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമകളായിരുന്നു ക്ഷേത്രങ്ങള്‍. ക്ഷേത്രത്തിന്റെ ഭൂമികള്‍ ദേവസ്വം ഭൂമികളെന്ന പേരിലാണ് അറിയപ്പെട്ടത്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് വികസിച്ചുവന്ന കാര്‍ഷികോത്സവമായിരുന്നു ഓണം എന്നാണ് മേല്‍പ്പറഞ്ഞ ലിഖിതങ്ങള്‍ സൂചിപ്പിക്കുന്നത്.
1. തിരുവാറ്റുവായ ലിഖിതം
ഓണത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം കാണുന്നത് തിരുവാറ്റുവായ ലിഖിതത്തിലാണ്. തെക്കന്‍ കേരളത്തിലെ ചങ്ങനാശ്ശേരിക്ക് സമീപത്തുള്ള(1) തിരുവാറ്റുവായ വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് തിരുവാറ്റുവായ ലിഖിതം. അറിയപ്പെടുന്ന രണ്ടാമത്തെ ചേര പെരുമാളായ സ്ഥാണു രവി കുലശേഖരന്റെ പതിനേഴാം ഭരണ വര്‍ഷത്തിലാണ് (എ.ഡി. 861) ഈ ലിഖിതം. തിരുവാറ്റുവായ ശാസനപ്രകാരം തിരുവാറ്റുവായ ക്ഷേത്രത്തിന് ചേന്നന്‍ ശങ്കരന്‍ എന്ന വ്യക്തി ദാനം നല്‍കിയ ഭൂമിയില്‍ നിന്നുള്ള നെല്ല് ഓണക്കാലത്ത് ഉപയോഗിക്കണമെന്ന് പറയുന്നു.
2. തൃക്കാക്കര ലിഖിതം
ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലുണ്ടായിരുന്ന ചേര പെരുമാളായ ഭാസ്‌കര രവിയുടെ കാലത്താണ് (962-1021 എ.ഡി) തൃക്കാക്കര ലിഖിതം. ഓണവുമായി ബന്ധപ്പെട്ട പ്രധാനമായ സ്ഥലമാണ് തൃക്കാക്കര ക്ഷേത്രം. ഓണത്തിനു മുമ്പുള്ള ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവൃത്തികളെക്കുറിച്ചാണ് തൃക്കാക്കര ലിഖിതം പരാമര്‍ശിക്കുന്നത്. ഓണസമയത്ത് ബ്രഹ്‌മണര്‍ക്കും വൈഷ്ണവ സന്യാസിമാരായ ആള്‍വാര്‍മാര്‍ക്കും ക്ഷേത്രത്തില്‍ നിന്ന് ഊട്ട് നടത്തിയതായി തൃക്കാക്കര ലിഖിതത്തില്‍ പരാമര്‍ശമുണ്ട്.
3. തിരുവല്ല ശാസനം
കേരളത്തിലെ ഏറ്റവും വലിയ ലിഖിതമാണ് തിരുവല്ല ശാസനം. 630 വരികളുള്ള ഈ ശാസനം എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ക്രോഡീകരിക്കപ്പെട്ടത്. തിരുവല്ല ശാസനത്തിലെ 405 മുതല്‍ 438 വരെയുള്ള വരികള്‍ ഓണസമയത്ത് ക്ഷേത്രങ്ങളില്‍ നിന്ന് സൗജന്യങ്ങള്‍ നേടിയവരെക്കുറിച്ച് പരാമര്‍ശിക്കുന്നു. തിരുവല്ല ശ്രീ വല്ലഭ വിഷ്ണു ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ് ഈ ലിഖിതം. തിരുവല്ല ശാസനത്തിന്റെ 621-ാമത്തെ വരിയില്‍ തിരുവോണ കാണം എന്നൊരു പരാമര്‍ശമുണ്ട്. തിരുവോണ കാണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഓണാഘോഷത്തിനായി നീക്കിവെക്കപ്പെട്ട ഭൂമിയുടെ മേല്‍നോട്ടം നടത്തുന്ന ബ്രാഹ്‌മണ ഊരാളന്‍ അഥവാ ഭൂവുടമയാണ്.
4. തലക്കാട് ശാസനം
തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടക്കടുത്തുള്ള സ്ഥലമാണ് തലക്കാട്. ചേരരാജാവായ രാജസിംഹന്റെ കാലത്ത് അതായത് 1024 എ.ഡി.യാണ് തലക്കാട് ശാസനത്തിന്റെ കാലം. ശാസനത്തിന്റെ 22-ാം വരിയില്‍ ഓണം നെല്ല് എന്നൊരു വിശേഷണം കാണാം. പടയണി എന്ന ഉത്സവത്തോട് ചേര്‍ന്നാണ് ഓണം നെല്ല് എന്ന പരാമര്‍ശം നാം കാണുന്നത്.
മുകളില്‍ സൂചിപ്പിച്ച നാല് ലിഖിതങ്ങള്‍ പ്രകാരം ഓണം ഒരു ക്ഷേത്രകേന്ദ്രീകൃതമായ വിളവെടുപ്പ് ഉത്സവമായിരുന്നു, ചേരപെരുമാളിന്റെ കാലമായപ്പോഴേക്കും ഓണം ഒരു കാര്‍ഷിക ഉത്സവമായി രൂപാന്തരപ്പെടുകയും, മധ്യകാല കേരളത്തിലെ ഏറ്റവും വലിയ ഭൂവുടമകളായ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്തു. എന്നാല്‍ കാലക്രമേണ അത് മഹാബലിയുടെ ഉത്സവമായി ആഘോഷിക്കപ്പെട്ടു. ഓണത്തിന്റെ ഈ ഒരു പരിവര്‍ത്തനത്തെക്കുറിച്ച് ആധികാരിക നിഗമനങ്ങളില്‍ എത്തിച്ചേരാന്‍ ആവശ്യമായവിവരങ്ങള്‍ നമുക്ക് ലഭിച്ചിട്ടില്ല.
ചില ചരിത്രപണ്ഡിതന്മാര്‍ ഓണത്തെ ബുദ്ധമതവുമായും ബന്ധിപ്പിക്കുന്നുണ്ട്. മറ്റു ചിലര്‍ മഹാബലിയെ കേരളത്തിലെ ആദിമവാസികളുടെ നേതാവായും വാമനന്‍ മഹാബലിയെ ചവിട്ടിത്താഴ്ത്തിയത് കേരളത്തിലെ ആദിമനിവാസികളുടെമേല്‍ ആര്യന്‍ ആധിപത്യത്തെ സൂചിപ്പിക്കുന്നു എന്നും അഭിപ്രായപ്പെടുന്നു. ചുരുക്കത്തില്‍ 9-ാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിലുള്ള ചേരലിഖിതങ്ങള്‍ നല്‍കുന്ന സൂചനപ്രകാരം കാര്‍ഷിക സമ്പദ്ഘടനയുടെ വളര്‍ച്ചക്കൊപ്പം, ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു കൊണ്ട് രൂപംകൊണ്ടുവന്ന കാര്‍ഷികോത്സവമാണ് ഓണം. ഈ ഓണം പിന്നീട് കേരളത്തിന്റെ ദേശീയോത്സവമായി മാറുകയാണുണ്ടായത്.
Comments