തിരുവനന്തപുരം: ഓണത്തെ വരവേല്‍ക്കാനിറങ്ങി സപ്ലൈകോയും. ഇത്തവണ ഓണക്കിറ്റില്‍ 15 ഇനം സാധനങ്ങള്‍ ഉള്‍പ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകള്‍ വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 18 മുതല്‍ സപ്തംബര്‍ 2 വരെ ആയിരിക്കും കിറ്റ് വിതരണം. സപ്ലൈകോ ഓണച്ചന്തകള്‍ ഓഗസ്റ്റ് 25ന് തുടങ്ങുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍കുമാറാണ് അറിയിച്ചത്. എല്ലാ ജില്ല കേന്ദ്രങ്ങളിലും നിയോജകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25ാം തിയ്യതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്രാടം നാളായ സപ്തംബര്‍ നാലുവരെ 10 ദിവസമാണ് ചന്തകള്‍ നടത്തുക. വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്‌സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്‌സിഡി സാധനങ്ങളും ലഭ്യമാക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം തന്നെ ഓണത്തിന് മുന്‍പ് അര്‍ഹരായ 43000 കുടുംബങ്ങള്‍ക്ക് കൂടി മുന്‍ഗണനാ കാര്‍ഡ് അനുവദിക്കും. പുതിയ മുന്‍ഗണനാ കാര്‍ഡിനായി സപ്തംബര്‍ 16 മുതല്‍ ഒക്ടോബര്‍ 15 വരെ അപേക്ഷ നല്‍കാന്‍ സാധിക്കും.