Thursday , June 26 2025, 4:13 pm

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്. ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വായനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ശക്തമായ കാറ്റിനെ തുടര്‍ന്ന് കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനുള്ള വിലക്ക് 31 വരെ നീട്ടി.

കൂടാതെ ഇത്തവണ കാലവര്‍ഷം ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ തുടരാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. ജൂണ്‍ മാസത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ഉണ്ടായേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കുന്നുകളിലേക്കും പുഴകളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്നും ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

 

Comments