Friday , August 1 2025, 6:48 pm

‘മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണം’: പി വി അന്‍വര്‍

കോഴിക്കോട്: മലബാറിനെതിരെയുള്ള അവഗണനക്ക് എതിരെ പ്രതിഷേധം നടത്തുമെന്ന് നേതാവ് പി.വി അന്‍വര്‍. തൃണമൂലി കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മലബാര്‍ വികസന മുന്നേറ്റ മുന്നണിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുക. 1984 ല്‍ കാസര്‍ഗോഡ് ഉണ്ടായ ശേഷം 40 വര്‍ഷം കഴിഞ്ഞിട്ടും ഒരു ജില്ലാ രൂപീകരണം നടന്നിട്ടില്ലെന്നും ജനസംഖ്യ ആനുപാതികമായി ജില്ലാ വിഭജനം കേരളത്തില്‍ നടക്കുന്നില്ലെന്നും പി വി അന്‍വര്‍ കുറ്റപ്പെടുത്തി.

1981 ല്‍ 14 ജില്ല ഉണ്ടായിരുന്ന തമിഴ്‌നാട് ഇപ്പോള്‍ 39 ജില്ല ആയി. തമിഴ്‌നാട് 19 ല്‍ നിന്ന് 39 ആയി. ഹരിയാന 12 ഉണ്ടായിരുന്നത് 22 ആയി. ജില്ലാ വിഭജനം നടക്കാത്തത് കേരളത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും അന്‍വര്‍ ആരോപിച്ചു. മലപ്പുറം ജില്ലയില്‍ ജനസംഖ്യ 51 ലക്ഷം പിന്നിട്ടു.

ഇവിടെയുള്ളത് ഒരു കലക്ടറാണ്. 8 ലക്ഷം ഉള്ള വയനാട് ജില്ലക്ക് ഒരു കളകടര്‍. ആരോഗ്യ രംഗത്ത് അടക്കം വലിയ പ്രതിസന്ധിയിലാണ്. കോഴിക്കോട് 38 ലക്ഷത്തോളം ജനം ഉണ്ട്. അവിടെയും വലിയ പ്രതിസന്ധി. വിദ്യാഭ്യാസ രംഗത്തെയും ഇത് വലിയ തോതില്‍ ബാധിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളെക്കാള്‍ കൂടുതല്‍ ജനം കേരളത്തില്‍ ഉണ്ട്. ഇന്ത്യയിലെ 8 സംസ്ഥാനങ്ങളെക്കാള്‍ ജനം മലപ്പുറം ജില്ലയില്‍ മാത്രം ഉണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എല്ലാം സമാന പ്രശ്‌നങ്ങള്‍ ഉണ്ട്. ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് മലബാറിനെ. മലപ്പുറം ,പാലക്കാട്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം ജില്ലകള്‍ വിഭജിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.

ചുരുങ്ങിയത് രണ്ടോ മൂന്നോ പുതിയ ജില്ലകള്‍ എങ്കിലും രൂപീകരിക്കണം. മലബാര്‍ കേന്ദ്രീകരിച്ച് കോഴിക്കോട് സെമി സെക്രട്ടറിയേറ്റ് വേണം. മറ്റ് പല സംസ്ഥാനങ്ങളിലും സമാനമായി സെമി സെക്രട്ടറിയേറ്റ് ഉണ്ട്. കേരളത്തിലും അത് വേണം. മലബാറില്‍ ഉള്ളവര്‍ക്ക് തിരുവനന്തപുരത്ത് എത്തുക വലിയ പ്രയാസമാണ്. കേരളത്തിലെ താലൂക്കുകളുടെയും വില്ലേജുകളുടെയുണ് എണ്ണം വര്‍ധിപ്പിക്കണം. എന്നാല്‍ ജനങ്ങള്‍ക്ക് കാര്യം എളുപ്പം ആകുമെന്നും പി വി അന്‍വര്‍ പറഞ്ഞു.

ജനങ്ങളുമായി സംവദിക്കാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് പിവി അന്‍വര്‍ വ്യക്തമാക്കി. കേരള നെക്‌സസ് എന്നാണ് ചാനലിന്റെ പേര്. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയും പി.വി അന്‍വര്‍ രംഗത്തെത്തി. വെള്ളാപ്പള്ളിയെ ചങ്ങലക്കിടണം. എന്ത് മോശമായാണ് മുസ്ലീം സമുദായത്തെ പറയുന്നത്. ആറ് മാസം കൊണ്ട് എന്ത് മാറ്റമാണ് വെള്ളാപ്പള്ളിക്ക് ഉണ്ടായത്. വികൃതമായി വര്‍ഗീയത പറയുന്നു. വെള്ളാപ്പള്ളി വര്‍ഗീയത തുടങ്ങിയത് നിലമ്പൂരില്‍ നിന്നെന്നും അന്‍വര്‍ ആരോപിച്ചു.

വെള്ളാപ്പള്ളിക്ക് പിണറായി കയ്യടിക്കുകയാണ്. വെള്ളാപ്പള്ളി പ്രതിപക്ഷ നേതാവിനെ പറഞ്ഞത് പരമ പന്നന്‍ എന്നാണ് പറഞ്ഞത്. അങ്ങനെ പറഞ്ഞത് ശരിയല്ല എന്ന് പറയാന്‍ നേതാക്കള്‍ക്ക് ധൈര്യം ഉണ്ടോ?. കെപിസിസി പ്രസിഡന്റ് മിണ്ടിയോ. പ്രതിപക്ഷ നേതാവ് സ്വയം പ്രതിരോധിക്കുകയാണ്. പരമ പന്നന്‍ ,പെറ്റ് കൂട്ടുന്നു എന്ന വാക്കുകള്‍ വെള്ളാപ്പള്ളി പിന്‍വലിക്കണമെന്നും പി വി അന്‍വര്‍ ആവശ്യപ്പെട്ടു.

 

Comments