Tuesday , March 3 2026, 6:37 am

മഴ കനക്കുന്നു; സംസ്ഥാനത്തെ ആറ് നദികളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്തമഴ തുടരുന്നതിനിടെ ആറ് ജില്ലകളിലെ നദികളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. നദികളിലെ ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഓറഞ്ച് അലേര്‍ട്ട് നല്‍കിയത്.
പത്തനംതിട്ട ജില്ലയിലെ മണിമല നദി, അച്ചന്‍കോവില്‍ നദി, പമ്പ നദി, കാസര്‍കോട്ടെ മൊഗ്രാല്‍ നദി, നീലേശ്വരം നദി, ഉപ്പള നദി എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

വിവിധ നദികളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദി, കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദി, പത്തനംതിട്ട ജില്ലയിലെ പമ്പ, അച്ചന്‍കോവില്‍, കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ നദി, കണ്ണൂര്‍ ജില്ലയിലെ പെരുമ്പ നദി, കുപ്പം നദി, വയനാട് ജില്ലയിലെ കബനി നദി, കാസര്‍കോട് ജില്ലയിലെ കാര്യങ്കോട് നദി എന്നിവിടങ്ങളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.

ഈ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ലെന്നും തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. നിലവില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് ഉള്ളത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, ഇടുക്കി, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട് നല്‍കിയത്. മറ്റ് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.

Comments