Thursday , June 26 2025, 10:41 pm

‘യു.ഡി.എഫിലേക്കുമില്ല, നിലമ്പൂരില്‍ മത്സരിക്കാനുമില്ല’: തീരുമാനം വ്യക്തമാക്കി അന്‍വര്‍

മലപ്പുറം: യു.ഡി.എഫിലേക്കും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനും ഇല്ലെന്ന് വ്യക്തമാക്കി പി.വി അന്‍വര്‍. മത്സരിക്കണമെങ്കില്‍ കയ്യില്‍ പണം വേണമെന്നും അത് തന്റെ കയ്യില്‍ ഇല്ലെന്നുമാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ലക്ഷങ്ങള്‍ വരുമാനം ഉണ്ടായിരുന്ന തന്നെ വട്ടപൂജ്യത്തില്‍ എത്തിച്ചെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് മുന്നണികളും കൂടി തന്നെ ഞെക്കി ഇല്ലാതാക്കിയെന്നും ബാക്കിയുള്ളത് ജീവന്‍ മാത്രമാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

യു.ഡി.എഫുമായുള്ള ചര്‍ച്ചകള്‍ എങ്ങുമെത്തിയില്ലെന്നാണ് അന്‍വര്‍ പറഞ്ഞത്. യു.ഡി.എഫിലേക്കില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

താന്‍ അധികപ്രസംഗം നടത്തുന്നത് ചിലര്‍ ഭയപ്പെടുന്നുവെന്നും അധികപ്രസംഗം ഇനിയും തുടരുമെന്നും അനര്‍വര്‍ പറഞ്ഞു. യു.ഡി.എഫിലെ ചിലര്‍ക്ക് ഗൂഢലക്ഷ്യങ്ങളുണ്ട്. ഒപ്പം നില്‍ക്കേണ്ടവര്‍ അതിന് തയാറായില്ലെന്നും പിണറായിസത്തിനെതിരെ നില്‍ക്കാതെ അന്‍വറിനെതിരെ തിരിയുകയാണ് ചിലര്‍ ചെയ്യുന്നതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. ഭൂരിപക്ഷത്തെ കണ്ട് പേടിച്ച് പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

അഞ്ച് മാസമായി യു.ഡി.എഫ് എന്നെ വാലില്‍കെട്ടി നടക്കുകയാണ്. കോണ്‍ഗ്രസ് എനിക്ക് വേണ്ടി ഒറ്റക്കെട്ടായി നില്‍ക്കുകയാണ്. മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇപ്പോഴും തലയും വാലുമില്ല. ഫോണ്‍ വിളിച്ചാല്‍ എടുക്കാന്‍ പ്രതിപക്ഷനേതാവ് തയാറാകുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

 

Comments