Thursday , June 26 2025, 12:57 pm

സുഗന്ധഗിരിയില്‍ മ്യൂസിയം നിര്‍മാണം പുരോഗമിക്കുന്നു

കല്‍പറ്റ: വൈദേശിക അധിനിവേശത്തിനെതിരേ പൊരുതിയ ഗോത്രവര്‍ഗക്കാരായ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മരണയ്ക്ക് വയനാട്ടിലെ സുഗന്ധഗിരിയില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന്റെ പ്രവൃത്തി പുരോഗമിക്കുന്നു. സുഗന്ധഗിരിയില്‍ 20 ഏക്കര്‍ ഭൂമിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കോഴിക്കോട് ചേവായൂരിലെ പട്ടികജാതി-വര്‍ഗ ഗവേഷണ പരിശീലന വികസന പഠന വകുപ്പ് മ്യൂസിയം സജ്ജമാക്കുന്നത്. പട്ടികജാതി-വര്‍ഗ വികസന വകുപ്പിന്റെ അധീനതയിയുള്ള ഭൂമിയുടെ ഭാഗമാണ് മ്യൂസിയത്തിനു ഉപയോഗപ്പെടുത്തുന്നത്.

16.66 കോടി രൂപയുടെ കേന്ദ്ര സഹായത്തില്‍ 7.19 കോടി രൂപ ഇതിനകം ലഭിച്ചു. ഉരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് നിര്‍മാണച്ചുമതല. ഒക്ടോബര്‍ അവസാനത്തോടെ മുഴുവന്‍ നിര്‍മാണവും പൂര്‍ത്തിയാക്കും. നവംബര്‍ 15ന് ബിര്‍സ മുണ്ടയുടെ 150-ാം ജന്‍മവാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മ്യൂസിയം ഉദ്ഘാടനം നിര്‍വഹിക്കുമെന്നാണ് വിവരം. മ്യൂസിയം നിര്‍മാണം അവലോകനം ചെയ്യുന്നതിന് പട്ടികജാതി-വര്‍ഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആര്‍.കേളുവിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു.

Comments