കോഴിക്കോട്: ഇന്ത്യന്‍ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് നല്‍കുന്ന ഏറ്റവും വലിയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമ യാത്രയെന്ന വിശേഷണത്തോടെയാണ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംങ് മന്ത്രാലയം പുരസ്‌കാര വിവരം അറിയിച്ചത്. 2023ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത്. അടൂര്‍ ഗോപാലകൃഷ്ണന് ശേഷം പുരസ്‌കാരം ലഭിക്കുന്ന മലയാളിയാണ് മോഹന്‍ലാല്‍.
സെപ്തംബര്‍ 23ന് നടക്കുന്ന 71ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ ഇന്ത്യന്‍ സിനിമയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് അദ്ദേഹം ആദരിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദഗ്ധ്യം, കഠിനാധ്വാനം എന്നിവ ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ സുവര്‍ണസ്ഥാനം നേടിയെന്നും പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തെ ആദ്യ പൂര്‍ണ ഫീച്ചര്‍ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകന്‍ ദാദാ സാഹേബ് ഫാല്‍ക്കെയുടെ സ്മരണാര്‍ത്ഥം 1969ല്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.