കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയുവില്‍ പീഡനത്തിനിരയായ അതിജീവിത വീണ്ടും സമരത്തിലേക്ക്. പ്രതികൾക്കനുകൂലമായി സര്‍ക്കാര്‍ നിലപാട് സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് സമരം. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ വസതിക്ക് മുമ്പിലാകും സമരം.
പ്രതികള്‍ക്ക് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ സാഹചര്യമൊരുക്കിയെന്നാണ് അതിജീവിതയുടെ ആരോപണം. ട്രൈബ്യൂണലിന് മുന്നില്‍ പ്രതികള്‍ക്ക് അനുകൂല റിപ്പോര്‍ട്ട് നല്‍കി സര്‍ക്കാര്‍ സഹായിച്ചുവെന്നും അതിജീവിത പറഞ്ഞു. ആരോപണ വിധേയര്‍ക്ക് ജോലിയില്‍ പ്രവേശിക്കാന്‍ മറ്റ് മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞു. തന്നെ സഹായിച്ചതിന്റെ പേരില്‍ സ്ഥലം മാറ്റിയ സിസ്റ്റര്‍ തിരികെ വരാതിരിക്കാന്‍ തസ്തികയില്‍ ആളുണ്ടെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ മൂന്നുപേരുടെ പ്രമോഷന്‍ തടഞ്ഞ് സൗകര്യം ഒരുക്കിയതെന്നും അതിജീവിത കുറ്റപ്പെടുത്തി.
2023 ലായിരുന്നു കേസിനാസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് അര്‍ധബോധാവസ്ഥയിലായിരുന്ന യുവതിയെ അറ്റന്‍ഡറായിരുന്ന എം എം ശശീന്ദ്രന്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. പ്രതിയെ സംരക്ഷിക്കാന്‍ ഭരണാനുകൂല സംഘടനയില്‍പ്പെട്ട ചില ജീവനക്കാരുടെ നേതൃത്വത്തില്‍ ശ്രമം നടന്നുവെന്നാരോപിച്ച് അതിജീവിത സമരത്തിനിറങ്ങുകയും ഇതിന് പിന്നാലെ ശശീന്ദ്രനെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു.