പാലക്കാട്: ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് അട്ടപ്പാടിയിൽ വീണ്ടും വൻ ഭൂമി വിൽപന. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബമാണ് അട്ടപ്പാടി ട്രൈബൽ താലൂക്കിലെ കോട്ടത്തറ വില്ലേജിൽ ഭൂമി വിൽപ്പന നടത്തിയത്. അഗളി സബ് രജിസ്ട്രാർ ഓഫിസിൽ മൂന്ന് ദിവസങ്ങളിലായി നടന്നത് 40 ആധാരങ്ങളാണ്. മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബം 386 ഏക്കർ ഭൂമിയാണ് വിൽപ്പന നടത്തിയത്.
മൂപ്പിൽ നായരുടെ കുടുംബത്തിലെ 19 പേർ ചേർന്നാണ് ഭൂമി വിൽപ്പന നടത്തിയത്. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ആധാരങ്ങൾ രജിസ്ട്രർ ചെയ്തുവെന്നാണ് അഗളി സബ് രജിസ്ട്രാർ പറയുന്നത്. മൂപ്പിൽ നായരുടെ കുടുംബത്തിലെ ഏഴ് പേർ ചേർന്ന് ഏപ്രിൽ 29ന് 78.27 ഹെക്ടർ ഭൂമി വിൽപന നടത്തി. ഈ മാസം രണ്ടിനും മൂന്നിനും വീണ്ടും ഭൂമി വിറ്റു. 12 പേർ ചേർന്നാണ് ഭൂമി വിറ്റത്. അതും 78.27 ഏക്കർ ഭൂമിയാണ്. കൂടുതൽ കൈമാറ്റങ്ങളും 10 ഏക്കർ ഭൂമി വീതമാണ്. ചുരുക്കത്തിൽ മൂന്ന് ദിവസങ്ങളിൽ 40 ആധാരങ്ങളിലായി 386 ഏക്കർ വിൽപന നടത്തി.
കഴിഞ്ഞ വർഷം മൂപ്പിൽ നായരുടെ കുടുംബം കോട്ടത്തറ വില്ലേജിൽ 575 ഏക്കർ ഭൂമി വിൽപ്പന നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ആധാരം എടുത്ത അസോസിയേഷൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ നിയമസഭയിൽ എം.കെ. മുനീർ എം.എൽ.എ ചോദ്യം ഉന്നയിച്ചിരുന്നു. അതിന് മന്ത്രി നൽകിയ മറുപടി പരാതിയിന്മേൽ രജിസ്ട്രേഷൻ വകുപ്പ് ഡെപ്യൂട്ടി ഐ.ജി നടത്തുമെന്നാണ്. കോട്ടത്തറ വില്ലേജ് ഓഫിസർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ആധാരം രജിസട്രേഷൻ നടത്തിയതെന്നും മന്ത്രി വിശദീകരണം നൽകി. ഡെപ്യൂട്ടി ഐ.ജിയുടെ അന്വേഷണം കഴിഞ്ഞ അഞ്ച് മാസമായി തുടരുകയാണ്.
അതേസമയം, അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കെ.കെ. രമ എം.എൽ.എ കഴിഞ്ഞ നിയമസഭയിൽ സബ്മിഷനും അവതരിപ്പിച്ചിരുന്നു. ഇതിന് മന്ത്രി കെ. രാജൻ മറുപടി നൽകിയത് മൂപ്പിൽ നായരുടെ കുടുംബം രജിസ്ട്രേഷൻ നടത്തിയ ഭൂമിക്ക് കൈവശം സർട്ടിഫിക്കറ്റും നികുതി രസീതും നൽകരുതെന്ന് നിർദ്ദേശം നൽകിയെന്നാണ്. നിയമസഭയിൽ ഈ രണ്ടു മന്ത്രിമാരും മണ്ണാർക്കാട് മൂപ്പിൽ നായരുടെ കുടുംബത്തിന് ഹൈക്കോടതി ഉത്തരവുണ്ട് എന്ന് ചൂണ്ടിക്കാണിച്ചിട്ടില്ല.
മൂപ്പിൽ നായരുടെ കുടുംബം അവകാശപ്പെടുന്നത് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഭൂമി വില്പന നടത്തുന്നത് എന്നാണ്. ഇതേ അഭിപ്രായം തന്നെയാണ് അഗളി സബ് രജിസ്ട്രാറും പറയുന്നത്. ഭൂപരിഷ്കരണ നിയമപ്രകാരം പരിധിയിൽ കവിഞ്ഞ ഭൂമി കൈവശംവെക്കാൻ അനുമതി നൽകേണ്ടത് താലൂക്ക് ലാൻഡ് ബോർഡാണ്. മണ്ണാർക്കാട് താലൂക്ക് ലാൻഡ് ബോർഡിൽ മൂപ്പിൽ നായർ കുടുംബം ഭൂമിക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ അപേക്ഷ പോലും നൽകിയിട്ടില്ല. താലൂക്ക് ലാൻഡ് ബോർഡ് ഭൂപരിധിയിൽ ഇളവ് അനുവദിച്ചിട്ടും ഇല്ല.