Saturday , October 4 2025, 3:36 am

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടി തുടരാമെന്ന് നിയമോപദേശം; കടുത്ത നടപടി ഉണ്ടായേക്കും

തൃശൂര്‍: കുന്നംകുളം കസ്റ്റഡി മര്‍ദന കേസില്‍ വകുപ്പുതല നടപടികള്‍ തുടരാമെന്ന് ഡിജിപിക്ക് നിയമോപദേശം. തരംതാഴ്ത്തലോ പിരിച്ചുവിടലോ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നിലവില്‍ പ്രതിപ്പട്ടികയിലുള്ള നാല് ഉദ്യോഗസ്ഥരേയും സസ്‌പെന്‍ഡ് ചെയ്യാന്‍ തൃശൂര്‍ റേഞ്ച് ഡിഐജി ഉത്തരമേഖല ഐജിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഡിഐജി ഹരിശങ്കറാണ് ഉത്തമേഖല ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. അച്ചടക്ക നടപടി പുനപരിശോധിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

എസ് ഐ നൂഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. സംഭവത്തില്‍ നാല് പൊലീസുകാര്‍ക്കെതിരെ കോടതി ക്രിമിനല്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യണമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകാനാണ് സാധ്യത. ഉത്തരവ് ഇന്ന് തന്നെ പുറത്തിറങ്ങിയേക്കും.

അതേസമയം ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോരാ സര്‍വ്വീസില്‍ നിന്ന് പുറത്താക്കണമെന്ന് മര്‍ദനത്തിനിരയായ സുജിത്ത് പറഞ്ഞു. സസ്പന്‍ഷന്‍ ശുപാര്‍ശയില്‍ തൃപ്തി ഇല്ലെന്ന് സുജിത്ത് പറഞ്ഞു. ഡ്രൈവറായ സുഹൈറിനെതിരെയും നടപടിയില്ല. 5 പേരെയും സര്‍വ്വീസില്‍ നിന്നും പുറത്താക്കണം. എല്ലാ പൊലീസ് സ്റ്റേഷനുള്ളിലും സിസിടിവി വേണമെന്ന കേസില്‍ കക്ഷി ചേരുമെന്നും സുജിത്ത് പറഞ്ഞു.

Comments