Saturday , October 4 2025, 4:55 am

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം: നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മര്‍ദ്ദനക്കേസില്‍ ആരോപണവിധേയരായ
നാലു പോലീസുകാരേയും സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐ നൂഹ്‌മാന്‍, സീനിയര്‍ സിപിഒ ശശീന്ദ്രന്‍, സിപിഒമാരായ സജീവന്‍, സന്ദീപ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. തൃശൂര്‍ റേഞ്ച് ഡിഐജി ഹരിശങ്കര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഐ ജി വകുപ്പ് തല പുനരന്വേഷണത്തിനും ഉത്തരവിട്ടു. കുറ്റക്കാരായ മുഴുവന്‍ പോലീസുകാരേയും പിരിച്ചുവിടണമെന്നാണ് മര്‍ദ്ദനത്തിനിരയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവ് സുജിത്തും പ്രതിപക്ഷവും ആവശ്യപ്പെടുന്നത്.

സുജിത്തിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന്‌

അതേസമയം, മര്‍ദനത്തില്‍ പങ്കുണ്ടെന്ന് സുജിത്ത് ആരോപിക്കുന്ന പോലീസ് ഡ്രൈവര്‍ സുഹൈറിനെതിരെ നടപടിയെടുത്തിട്ടില്ല. ഇയാള്‍ ഇപ്പോള്‍ പോലീസില്‍ നിന്ന് മാറി മറ്റൊരു വകുപ്പിലാണ് ജോലി ചെയ്യുന്നത്. പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നടക്കം വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി. സുജിത്തിനെ കുന്നംകുളം സ്‌റ്റേഷനില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉന്നത ഉദ്യോഗസ്ഥര്‍ കണ്ടിട്ടും ഇന്‍ക്രിമെന്റ് റദ്ദാക്കുന്നതില്‍ മാത്രമായി കുറ്റക്കാര്‍ക്കെതിരായ നടപടി ഒതുക്കിയിരുന്നു. സുജിത്തിന്റെ നിയമപോരാട്ടത്തിനൊടുവില്‍ സിസിടിവി ദൃശ്യം പുറത്തു വന്നതോടെയാണ് കൂടുതല്‍ നടപടികളിലേക്ക് ആഭ്യന്തരവകുപ്പ് കടന്നത്.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഇന്നലെ പോലീസ് മേധാവി വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തൃശൂര്‍ റേഞ്ച് ഡിഐജിയോട് ഡിജിപി അടിയന്തിര റിപ്പോര്‍ട്ടും തേടി. സുജിത്ത് കോടതിയില്‍ നേരിട്ട് നല്‍കിയ സ്വകാര്യ അന്യായത്തില്‍ നാലു പോലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുത്തിട്ടുണ്ട്. അതിനാല്‍ സസ്‌പെന്‍ഡ് ചെയ്യുന്നതില്‍ തടസ്സമില്ലെന്നായിരുന്നു ഡിഐജിയുടെ റിപ്പോര്‍ട്ട്. വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

Comments