കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് തടഞ്ഞത് ഹൈക്കോടതി സെപ്റ്റംബർ 9 വരെ നീട്ടി. മണ്ണുത്തി–ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ടാണ് ടോൾ പിരിവിന് കോടതി നേരത്തെ നിയന്ത്രണം കൊണ്ടുവന്നത്. കേസ് പരിഗണിച്ചപ്പോൾ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്ന മേഖലകളിലെ സർവീസ് റോഡുകളിൽ ടാറിങ് പൂർത്തിയായി ഗതാഗതം സുഗമമായെന്നാണു ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) കോടതിയെ അറിയിച്ചത്. എന്നാൽ ഇടക്കാല ഗതാഗത മാനേജ്മെന്റ് സമിതിയുടെ (ഇന്ററിം ട്രാഫിക് മാനേജ്മെന്റ് കമ്മിറ്റി) റിപ്പോർട്ട് ഇത്തരത്തിലല്ല വ്യക്തമാക്കുന്നതെന്നു നിരീക്ഷിച്ച കോടതി ടോൾ പിരിക്കുന്നതിനുള്ള നിയന്ത്രണം നീട്ടുകയായിരുന്നു. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ ഒൻപതുവരെയാണ് ടോൾ പിരിവ് തടഞ്ഞത്.
ഗതാഗതക്കുരുക്കുണ്ടായിരുന്ന മുരിങ്ങൂർ, ആമ്പല്ലൂർ അടക്കം 4 മേഖലകളിൽ ടാറിങ് പൂർത്തിയായി റോഡ് ഗതാഗതം സുഗമമായി എന്നാണ് ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചത്. ദേശീയപാത അതോറിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇടക്കാല ഗതാഗത മനേജ്മെന്റ് സമിതി വീണ്ടും പരിശോധന നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. വിഷയത്തിൽ പരിഹാര നടപടികൾക്കായി കലക്ടർ, ജില്ലാ പൊലീസ് മേധാവി, ആർടിഒ എന്നിവർ ഉൾപ്പെട്ട സമിതിയാണ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചത്. ഈ മാസം 25ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് സമിതി ഇന്ന് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി.മേനോൻ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.