ബെംഗളൂരു: മണിരത്‌നം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ കര്‍ണാടകയില്‍ നിരോധിക്കുന്നതിനെതിരെ നടന്‍ കമല്‍ഹാസന്‍ ഹൈക്കോടതിയില്‍. സിനിമ നിരോധിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കര്‍ണാടക ഫിലിം ചേമ്പറിനെതിരെ കമല്‍ഹാസന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
കമല്‍ഹാസന് വേണ്ടി രാജ് കമല്‍ ഇന്റര്‍നാഷണലാണ് കര്‍ണാടക ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. കന്നഡ തമിഴില്‍ നിന്നും ഉദ്ഭവിച്ചതാണെന്ന് പ്രമോഷന്‍ പരിപാടിക്കിടെ കമല്‍ഹാസന്‍ നടത്തിയ പരാമര്‍ശത്തിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ ചിത്രത്തിന് സംസ്ഥാനത്ത് നിരോധനമേര്‍പ്പെടുത്തിയത്. പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് കമല്‍ഹാസന്‍ നിലപാടെടുത്തതോടെയാണ് ഫിലിം ചേംബര്‍ കര്‍ണാടകയില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് തീരുമാനിച്ചത്. കമല്‍ഹാസന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിമാറ്റി വളച്ചൊടിച്ചെന്ന് ഹരജിയില്‍ ആരോപിക്കുന്നു.
ജൂണ്‍ അഞ്ചിനാണ് തഗ് ലൈഫ് റിലീസ് ചെയ്യുന്നത്. ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ചിത്രമായ തഗ് ലൈഫില്‍ കമല്‍ഹാസന് പുറമേ സിലമ്പരശന്‍, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി എന്നിവരും മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. 37 വര്‍ഷങ്ങള്‍ക്കു ശേഷം കമല്‍ ഹാസനും മണി രത്‌നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘തഗ് ലൈഫ്’.
DeToor reflective wanderings…