ബിൻസി പാലത്ത്
പച്ചതുരുത്തായി ജോയി മാത്യു എത്തി, നിലമ്പൂരിൽ . യു.ഡി.എഫ് പ്രചാരണ വാഹനത്തിൽ കയറി.
എന്നാലും ഈ യു.ഡി എഫിന് ഇതെന്ത് പറ്റി? സാഹിത്യം , സംസ്കാരം , ബുദ്ധിജീവി വാർപ്പിൽ ആൾക്ഷാമമായോ?
നിലമ്പൂരിൽ വോട്ടവകാശം ഇല്ലാതെ പോയതിൻ്റെ പേരിൽ ഇടനെഞ്ച് വിങ്ങുന്ന ഇത്തരക്കാരെ കൊണ്ട് കേരളം നിറഞ്ഞിരിക്കുമ്പോഴാണ് യു.ഡി. എഫിൻ്റെ റേഷൻ . നിലമ്പൂരിൽ വോട്ടുണ്ടായിരുന്നുവെങ്കിൽ ഇടതു മുന്നണിക്ക് ചെയ്യാമായിരുന്നുവെന്ന ജയൻ സ്റ്റൈൽ പൊളിറ്റിക്കൽ ഡിസ്കോഴ്സ് കൊണ്ട് കേരളമാകെ ചുവന്നു തുടുത്തിരിക്കുകയാണിപ്പോൾ . സച്ചിമാഷ് , സുധീറേട്ടൻ (എൻ. ഇ) ,എൻ.എസ്( മാധവൻ), വിജയേട്ടൻ്റെ വിളിക്ക് കാതോർത്തിരിക്കുന്ന മയ്യഴിക്കാരൻ മൂകുന്ദേട്ടൻ .അശോകൻ ചെരുവിലാദികൾ വേറെയും. പിന്നെ അനുബന്ധ സർക്കാർവിലാസം അക്കാദമി ബ്യൂറോക്രാറ്റുകൾ അലയലയായും ആവേശക്കടലായും . ഭരണ തുടർച്ചയാണ് ഇവരുടെ ആവേഗം.
ചാലിയാർപുഴയും ഭരണ തുടർച്ചയും തമ്മിലെന്താണാവോ ബന്ധം? ആറേഴു മാസം കഴിഞ്ഞാൽ ഒറിജിനൽ മത്സരം നടക്കും . ഇതൊരു ബൂസ്റ്റർ ഡോസ് ആവാം. അത്രമാത്രം. അല്ലേലും നിലമ്പൂർ ഇടതുമുന്നണി സീറ്റല്ലേ? ജയിച്ചാൽ സ്റ്റാറ്റസ് ക്കോയല്ലേ? പക്ഷെ ഇതൊരു ബ്രില്ല്യൻ്റ് പൊളിറ്റിക്കൽ സ്ളോഗനാണ് .പറയാതെ വയ്യ . പറഞ്ഞു മാത്രം കേട്ട , കണ്ടറിയാത്ത ഒരു നിയമസഭാമണ്ഡലത്തിൽ വോട്ടില്ലാതെ പോയതിൽ ഖേദിക്കുന്ന ഒന്നൊന്നര സാഹിത്യ,സാംസ്ക്കാരിക ഭാവന. തൃക്കാക്കരയിലും പുതുപ്പള്ളിയിലുമൊക്കെ ഇങ്ങനെയൊക്കെ തന്നെയായിരുന്നു . തോറ്റ് തൊപ്പിയിട്ടപ്പോൾ സഹതാപതരംഗത്തിൻ്റെ തലയിലിട്ടു കൊടുത്തു ആ തൊപ്പി. എന്നു വെച്ചാൽ ജനവിധിയെ മാനിക്കാനുള്ള വല്ലായ്മയാണ് പ്രശ്നം.
സത്യത്തിൽ ഇപ്പറഞ്ഞ ബുദ്ധിജീവി സംഘങ്ങൾക്ക് തിരഞ്ഞടുപ്പ് രാഷ്ട്രീയത്തിൽ എന്തെങ്കിലും പ്രസക്തി ഉണ്ടോ? ഉണ്ടേൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് വോട്ട് ശതമാനം 42 ൽ നിന്ന് 37 ശതമാനത്തിലേക്ക് ഇടിഞ്ഞത് എന്താണാവോ ? ബി.ജെ.പി മുന്നണി 30 ശതമാനം വോട്ടും 35 നിയമസഭാ മണ്ഡലത്തിൽ രണ്ടാം സ്ഥാനവും പിടിച്ചതെങ്ങനെ? ഇടതുമുന്നണിക്കും ബി.ജെ.പി മുന്നണിക്കും തുല്യം തുല്യം എം.പിമാരുണ്ടായത് എങ്ങനെ?
ഇങ്ങനെയൊക്കെ പറഞ്ഞ് യു.ഡി എഫിനെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം ഏതൊരു ജനാധിപത്യവാദിക്കും ഉണ്ടാവേണ്ടതാണ്. അതാണിവിടെ ചെയ്യുന്നത്.എന്നാലും ഒരു യു.കെ കുമാരനെയെങ്കിലും നിലമ്പൂരിൽ ഇറക്കാനുള്ള ഭാവനാവിലാസം യു.ഡി എഫിന് ഉണ്ടാവണം . കൽപ്പറ്റ നാരായണൻ നല്ലൊരു ഓപ്ഷനാണ്. വൈകിയിട്ടില്ല .അതു വരേക്കും ജോയി മാത്യുവിൻ്റെ പ്രചാരണ വണ്ടി പോട്ടെ മുന്നോട്ട്
DeToor reflective wanderings…