Friday , August 1 2025, 3:35 am

ആഗോള പാസ്‌പോര്‍ട്ട് സൂചികയില്‍ നില മെച്ചപ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ എട്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇന്ത്യ. 85ല്‍ നിന്നും 77ാം സ്ഥാനത്തേക്കാണ് ഇന്ത്യ മുന്നേറിയത്. മുന്‍കൂട്ടി വിസയില്ലാതെ ഒരു രാജ്യത്തെ പൗരന്മാര്‍ക്ക് എത്ര രാജ്യങ്ങളില്‍ പ്രവേശിക്കാം എന്നതിന്റെ അടിസ്ഥാനത്തിലാണ് രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുന്നത്.

ഇന്ത്യക്കാര്‍ക്ക് 59 രാജ്യങ്ങളിലേക്ക് വിസരഹിതമായോ വിസ ഓണ്‍ അറൈവല്‍ സൗകര്യത്താലോ യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. മലേഷ്യ, മാലദ്വീപ്, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരത്തില്‍ വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശിക്കാനാകും. ശ്രീലങ്ക, മക്കാവു, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭിക്കും.

ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഏഷ്യന്‍ രാജ്യങ്ങളുടെ കുതിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. 193 സ്ഥലങ്ങളിലേക്ക് വിസ രഹിത പ്രവേശനം നല്‍കി സിങ്കപ്പൂര്‍ ആണ് ഒന്നാംസ്ഥാനത്ത്. ഇത് രാജ്യത്തിന്റെ ഫലപ്രദമായ നയതന്ത്രത്തിന്റെ വിജയമായാണ് കണക്കാക്കുന്നത്. ജപ്പാന്‍, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. യാത്രാ സൗകര്യങ്ങളില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കയാണ്. യുഎഇ ആണ് ഇത്തരത്തില്‍ തുടര്‍ച്ചയായി നില മെച്ചപ്പെടുത്തി കൊണ്ടിരിക്കുന്ന മറ്റൊരു രാജ്യം.

യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ഏഴ് രാജ്യങ്ങള്‍ക്ക് 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകും. ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, അയര്‍ലന്റ്, ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണവ. ഇവ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. അതേസമയം യു.എസ്, യു.കെ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ട് സ്വാധീനത്തില്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. യഥാക്രമം പത്ത്, ആറ് സ്ഥാനങ്ങളിലാണ് ഇരു രാജ്യങ്ങളും.
പട്ടികയില്‍ ഏറ്റവും താഴെ അഫ്ഗാനിസ്ഥാനാണ്. അഫ്ഗാന്‍ പൗരന്മാര്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ സഞ്ചരിക്കാനാവുന്നത് 25 രാജ്യങ്ങളില്‍ മാത്രമാണ്.

Comments