തിരുവനന്തപുരം: പമ്പാ തീരത്ത് നടക്കാനിരിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് അയ്യപ്പ സംഗമം സംഘടിപ്പിക്കാനൊരുങ്ങി ഹിന്ദു ഐക്യവേദി. ബദൽ സംഗമത്തിലൂടെ സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. സർക്കാരിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 20 നാണ് അയ്യപ്പ സംഗമം. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണിതെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ, കേരളത്തിലെ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
സർക്കാരിന്റെ നേതൃത്വത്തിൽ നടക്കുന്ന അയ്യപ്പ സംഗമത്തിന്റെ കാപട്യം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ബദൽ പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹിന്ദുഐക്യവേദി അധ്യക്ഷൻ ആർ. വി ബാബു പറഞ്ഞു. വിശ്വാസികൾക്ക് ഒപ്പമാണെന്ന് പറഞ്ഞ് സിപിഐഎം വിശ്വാസികളെ വഞ്ചിക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുന്നതും വഞ്ചിക്കുന്നതുമായ നിലപാടുകളാണ് നാളിതുവരെ സിപിഐഎമ്മും അവരെ പിന്തുണയ്ക്കുന്നവരും സ്വീകരിച്ചിട്ടുള്ളത്. വിശ്വാസികൾക്കൊപ്പമാണ് എന്നുള്ളത് സിപിഐഎമ്മിന്റെ അവസരവാദപരമായ നിലപാടാണെന്നും ആർ വി ബാബു പറഞ്ഞു. ഹിന്ദുവിരുദ്ധതയിൽ ഊന്നിക്കൊണ്ട് കെട്ടിപ്പടുത്ത പ്രസ്ഥാനത്തിന് ഹിന്ദു വിശ്വാസത്തിനൊപ്പം നിൽക്കാനാവില്ല. വിശ്വാസികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ അയ്യപ്പ വിശ്വാസം സംരക്ഷിക്കാനായി സമരം ചെയ്തവർക്കെതിരായ കേസ് സർക്കാർ പിൻവലിക്കട്ടെയെന്നും ആർ വി ബാബു കുട്ടിച്ചേർത്തു.
അതേസമയം പരിപാടിയിലേക്ക് പൊതുജനങ്ങൾക്ക് ഉപാധികളോടെ മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവർ മൂന്ന് വർഷത്തിനിടെ കുറഞ്ഞത് രണ്ട് പ്രാവശ്യം ദർശനം നടത്തിയിരിക്കണം. ശബരിമല വെർച്വൽ ക്യൂ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന നിർദ്ദേശമുണ്ട്. 500 വിദേശ പ്രതിനിധികൾക്കും പരിപാടിയിലേക്ക് ക്ഷണമുണ്ട്.