പൈൻമരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളിൽ മഴ തുടങ്ങി.
കയ്യകലെ ഹിമാലയം-6

കേദാർനാഥിൽനിന്നുള്ള മലയിറക്കം വലിയ ക്ലേശകരമായിരുന്നില്ല. കൊടുംതണുപ്പും ഹിമക്കാറ്റും ശക്തമായിരുന്ന ഒരു രാത്രിക്കുശേഷം പുലർച്ചെ നാലര കഴിഞ്ഞപ്പോഴേയ്ക്കും മടക്കയാത്ര ആരംഭിച്ചു. മലയോരങ്ങളിലും താഴ്‌വരകളിലുമെല്ലാം ഇരുട്ട് വീണുകിടക്കുകയാണ്. കല്ലുപാകിയ നടപ്പാതയ്ക്ക് അരികിലെ വൈദ്യുതിവിളക്കുകളുടെ വെളിച്ചത്തിൽ ഗൗരികുണ്ഡ് ലക്ഷ്യമാക്കി നടന്നു. കേദാർനാഥിലേക്ക് മലകയറുകയും അടിവാരത്തേക്ക് മലയിറങ്ങുകയും ചെയ്യുന്ന അപൂർവ്വം ചില തീർത്ഥാടകസംഘങ്ങളെ അങ്ങിങ്ങായി കാണാം.
തലേദിവസം ഒൻപതു മണിക്കൂറെടുത്ത് കേദാർനാഥിലേക്ക് കയറിയ വഴിയത്രയും അഞ്ചുമണിക്കൂർ കൊണ്ട് തിരിച്ചിറങ്ങി. സോനപ്രയാഗിൽ എത്തിയശേഷം, തിരക്കേറിവരുന്ന മലമ്പാതയിലൂടെ ചോപ്തയിലേക്ക് തിരിച്ചു. സീതാപ്പൂരും രാംപൂരും ഫാട്ടയും ഗുപ്തകാശിയും പിന്നിട്ട് ഉച്ചയായപ്പോഴേയ്ക്കും കുണ്ഡ് എന്ന സ്ഥലത്തെത്തി. കേദാർനാഥ് കൊടുമുടിക്കരികിൽ നിന്നും ഉത്ഭവിക്കുന്ന മന്ദാകിനി നദി യാത്രയിലുടനീളം കാണാം. മലയുടെ അടിവാരത്തുകൂടിയാണ് ഒഴുകുന്നതെന്ന് മാത്രം.
ലകൾക്കിടയിൽ മന്ദാകിനിയുടെ തീരത്താണ് കുണ്ഡ്. ഇവിടെനിന്നും വഴി രണ്ടാവുകയാണ്. രുദ്രപ്രയാഗിലേക്കുള്ളതാണ് മുഖ്യപാത. അവിടെത്തിയാൽ ബദരീനാഥിലേക്കോ ഹരിദ്വാറിലേക്കോ പോകാം. അടുത്ത ലക്ഷ്യം തുംഗനാഥിന്റെയും ചാന്ദ്രശിലയുടെയും ബേസ് ക്യാമ്പായ ചോപ്ത ആയിരുന്നതിനാൽ കുണ്ഡിൽനിന്നും ഉഖീമഠിലൂടെ പോകുന്ന രണ്ടാമത്തെ വഴി തെരഞ്ഞെടുത്തു.
കുണ്ഡ് മുതൽ ചോപ്ത വരെയും മലകയറ്റം തന്നെയാണ്. കുത്തനെയും വളഞ്ഞും തിരിഞ്ഞും ചാഞ്ഞും ചെരിഞ്ഞുമെല്ലാം പോകുന്ന മലമ്പാത. ഇടയ്ക്കിടെ ചെറുഗ്രാമങ്ങൾ. ഓറഞ്ചിന്റെയും റാഗിയുടെയും വിളവെടുപ്പ് നടത്തുന്ന ഗ്രാമീണർ. പാതയോരത്ത് അലസരായി കിടക്കുന്ന ഹിമാലയൻ നായ്ക്കൾ. പാറക്കെട്ടുകളിൽനിന്നും വഴിയോരത്തേക്ക് കുതിച്ചുചാടുന്ന വെള്ളച്ചാട്ടങ്ങൾ. മലഞ്ചെരിവിൽ ചിതറിക്കിടക്കുന്ന ഗുപ്തകാശിയുടെയും ഉഖീമഠിന്റെയും പട്ടണക്കാഴ്ച.

ചോപ്തയിലേക്കുള്ള പാതിദൂരം പിന്നിട്ടപ്പോഴേയ്ക്കും യാത്ര കേദാർനാഥ് വന്യജീവിസങ്കേതത്തിലൂടെയായി. വഴിയുടെ ഇരുവശങ്ങളിലും ഇരുളടഞ്ഞ് വളർന്നുനിൽക്കുന്ന കൂറ്റൻമരങ്ങൾ. പച്ചയുടെ വിവിധ ഭാവങ്ങളിൽ വളർന്നുനിൽക്കുന്ന അടിക്കാടുകൾ. അതിനിടയിലൂടെ ചിക്കിനടക്കുന്ന കാട്ടുകോഴികളും കൂട്ടംകൂടി കുറുമ്പുകാട്ടുന്ന കുരങ്ങന്മാരും. കസ്തൂരിമാനുകളുടെയും ഹിമാലയൻ മൊണാലുകളുടെയും ആവാസകേന്ദ്രമെന്ന നിലയിലും പ്രശസ്തമാണ് കേദാർനാഥ് വന്യമൃഗസംരക്ഷണകേന്ദ്രം.
മൂന്നുമണി ആയപ്പോഴേയ്ക്കും ചോപ്തയിലെത്തി. കാടും പുൽമേടുമെല്ലാം ഉൾപ്പെടുന്ന മനോഹരമായ ഭൂപ്രദേശം. പച്ചപ്പിനിടയിലൂടെ മേഞ്ഞുനടക്കുന്ന ചെമ്മരിയാട്ടിൻ പറ്റങ്ങൾ. സമുദ്രനിരപ്പിൽനിന്നും 8600 അടിയോളം ഉയരത്തിൽ സ്ഥിതിചെയ്യുന്ന ചോപ്ത, മിനി സ്വിറ്റ്‌സർലണ്ട് എന്നാണ് അറിയപ്പെടുന്നത്. ഹിമപർവ്വതങ്ങളുടെ ദൂരക്കാഴ്ചയും സുഖകരമായ കാലാവസ്ഥയും സ്വസ്ഥമായ അന്തരീക്ഷവും ഇവിടേക്ക് യാത്രികരെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ശിവക്ഷേത്രം സ്ഥിതിചെയ്യുന്ന തുംഗനാഥിലേക്കുള്ള നാലു കിലോമീറ്റർ ട്രക്കിംഗ് ആരംഭിക്കുന്നത് ഇവിടെനിന്നാണ്.
അൽപ്പം കഴിഞ്ഞപ്പോഴേയ്ക്കും അന്തരീക്ഷത്തിന്റെ ഭാവം മാറി. കണ്ണെത്താദൂരത്തോളം ആകാശത്തേക്ക് ഉരുണ്ടുകൂടുന്ന മഴമേഘങ്ങൾ. പൈൻമരങ്ങളും ദേവദാരുവൃക്ഷങ്ങളും ഇടതിങ്ങി നിൽക്കുന്ന മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോടമഞ്ഞ്. അതുവരെയുണ്ടായിരുന്ന വെട്ടവും വെളിച്ചവുമെല്ലാം പോയ്മറഞ്ഞു. ക്ഷണനേരത്തിനുള്ളിൽ മഴ തുടങ്ങി. സന്ധ്യ ആയപ്പോഴേയ്ക്കും ശക്തമായി. കാറ്റും ബഹളവുമൊന്നുമില്ലാത്ത മഴ. വൻമരങ്ങളുടെ തായ്ത്തടിയിലൂടെയും മണ്ണിലൂടെയുമെല്ലാം മഴവെള്ളം കുത്തിയൊഴുകി.
മഴയ്‌ക്കൊപ്പം തണുപ്പും ശക്തമായി. രാത്രി വൈകി വാടകമുറിയിലെ കമ്പിളിക്കുള്ളിലേക്ക് ചുരുണ്ട് കൂടുമ്പോഴും പുറത്ത് മഴ ശമിച്ചിരുന്നില്ല.
DeToor reflective wanderings…