Monday , July 14 2025, 12:00 pm

വീരന്മാരുടെ സ്മാരകശിലകൾ

അലക്കുകല്ലുകളായും കുളപ്പടവുകളായും മാറിയ അനേകം വീരക്കല്ലുകൾ എനിക്ക് കാണാനായിട്ടുണ്ട്. പ്രതിഷ്ഠകളായവയും ഏറെയുണ്ട്. മനുഷ്യർ തന്നെ ആരാധനാമൂർത്തികളായി മാറുന്ന ആത്മീയാനുഭവത്തിലൂടെ ഒ.കെ ജോണിയുട സഞ്ചാരം
കർണാടകഗ്രാമങ്ങളിലൂടെയുള്ള യാത്രകൾക്കിടയിൽ പെരുവഴിയോരങ്ങളിലും നാൽക്കൂട്ടക്കവലകളിലും കാണുന്ന വിനീതങ്ങളായ ഗ്രാമക്ഷേത്രങ്ങളിലേറെയും ദേവാലയങ്ങളല്ല; എന്നോ മരിച്ച മനുഷ്യർക്കുള്ള സ്മാരകങ്ങളാണ്. മധ്യകാല സമൂഹങ്ങളിൽ നാടിനും രാജാവിനും സ്വന്തം ഗ്രാമത്തിനും വേണ്ടി മരിച്ച വീരന്മാരുടെ സ്മാരകശിലകളാണ് അവയിലെ പ്രതിഷ്ഠകൾ. അമാനുഷരായ ദേവീദേവന്മാരല്ല, അജ്ഞാതരായ വീരന്മാരാണ് ഈ കോവിലുകളിൽ പൂജിക്കപ്പെടുന്നത്. പൊതുവിടങ്ങളിലും ക്ഷേത്രപാർശ്വങ്ങളിലും വഴിയോരങ്ങളിലും കൃഷിയിടങ്ങളിലുമെല്ലാം നൂറ്റാണ്ടുകളോളം വെയിലും മഴയുമേറ്റ് കിടന്നിരുന്ന ആയിരക്കണക്കിന് വീരക്കല്ലുകളിൽ ഏറെയും മണ്ണിനടിയിലാവുകയോ പൊട്ടിത്തകർന്നുപോവുകയോ ചെയ്തിട്ടുണ്ടാവണം


അലക്കുകല്ലുകളായും കുളപ്പടവുകളായും വയൽക്കരയിൽ അരിവാൾ രാകി മൂർച്ചകൂട്ടാനുള്ള കൽപ്പാളിയായുമെല്ലാം മാറിയ അനേകം വീരക്കല്ലുകൾ എനിക്ക് കാണാനും കഴിഞ്ഞിട്ടുണ്ട്. ഇക്കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾക്കിടയിലാണ് അവശേഷിക്കുന്ന വീരക്കല്ലുകളിൽ പലതിനും ഗ്രാമീണരുടെ ശ്രമഫലമായി അമ്പലങ്ങളുണ്ടായിത്തുടങ്ങിയത്. അത്തരത്തിലൊരു ഗ്രാമക്ഷേത്രമാണ് ചിത്രത്തിൽ.
കലലെ ഗ്രാമത്തിന്റെ അതിർത്തിയിൽ വിശാലമായൊരു തെങ്ങിൻതോപ്പിനും നെൽപ്പാടത്തിനുമിടയിലെ തുറസിൽ പത്ത് വർഷംമുമ്പ് വരെയും അനാഥമായിക്കിടന്നിരുന്ന ഏതാനും വീരക്കല്ലുകളിലൊന്നാണ് കർഷകരായ നാട്ടുകാർ നിർമ്മിച്ച ഈ ഗ്രാമക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഒരു പതിറ്റാണ്ടിനുമുമ്പ് ഇവിടെ വരുമ്പോൾ പല നൂറ്റാണ്ടുകളിലെ ഒരു ഡസനോളം സ്മാരകശിലകളാണ് കാണാനിടയായത്.
കർണ്ണാടകത്തിലെ പുതിയതായി പണിത ക്ഷേത്രത്തിനു ചുറ്റുമായി അവയിൽ ചിലത് കുഴിച്ചിട്ടിട്ടുമുണ്ട്. കാടുമൂടിയെങ്കിലും അവയുടെ ആകൃതിയും മനുഷ്യരൂപങ്ങളും അതേപടി അവശേഷിക്കുന്നുണ്ട്. പത്താം നൂറ്റാണ്ടുമുതൽ പതിനേഴാം നൂറ്റാണ്ടുവരെയുള്ള കാലത്തിനിടയിൽ നിർമ്മിക്കപ്പെട്ടവയാണിവയെന്ന് അവയിലെ ചിത്രീകരണശൈലിയുമായി പരിചയമുള്ളവർക്ക് തിരിച്ചറിയാനാവും.

ദീർഘകാലം കർണ്ണാടകത്തിലെ മൈസൂർ രാജ്യം ഭരിച്ച ചോളരുടെയും അവരെ തുരത്തിയ ഹൊയ്‌സാലരുടെയും പിൻഗാമികളായ വിജയനഗരത്തിന്റെയും പിന്നീടു വന്ന മൈസൂർ വോഡെയാർ രാജാക്കന്മാരുടെയും ഭരണകാലങ്ങളിലെ വീരക്കല്ലുകളാണിവ.
രാജാവിന് വേണ്ടിയുള്ള യുദ്ധത്തിൽ വീരമൃത്യുവരിച്ചവർ മാത്രമല്ല, മദ്ധ്യകാല ദക്ഷിണേന്ത്യയിലെ വീരന്മാർ. ഗ്രാമങ്ങളെ ആക്രമിച്ച് കന്നുകാലികളെ കൊള്ളയടിക്കുകയും ( ഗോഗ്രഹണം) സ്ത്രീകളെ പിടിച്ചുകൊണ്ടുപോവുകയും ചെയ്യുന്ന അന്യഗ്രാമക്കാരെയും കൊള്ളക്കാരെയും നേരിട്ട് രക്തസാക്ഷികളാവുന്നവരും കടുവ, പുലി, പന്നി, ആന തുടങ്ങിയ വന്യമൃഗങ്ങളിൽനിന്ന് ഗ്രാമീണരെ രക്ഷിക്കുന്നതിനിടെ മരിക്കുന്നവരും അക്കാലത്ത് ആരാധ്യരായ വീരന്മാരായിരുന്നു.
അവരെയാണ് ഈ വീരക്കല്ലുകൾ പ്രതിനിധീകരിക്കുന്നത്. വലിയ യുദ്ധവീരന്മാരുടെ സ്മാരകശിലകൾ മാത്രമല്ല, അവർക്കായി വീരരഗുഡി ( വീരന്മാരുടെ അമ്പലം) എന്നറിയപ്പെടുന്ന ശിലാപാളികൾ കൊണ്ടുണ്ടാക്കിയ ചെറിയ അമ്പലങ്ങളും കർണ്ണാടകത്തിലും തമിഴ്നാട്ടിലും ധാരാളമുണ്ട്.

Comments