കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിലങ്ങാട് ഇന്ന് ഹര്‍ത്താല്‍. കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്നാണ് ഹര്‍ത്താല്‍ നടത്തുന്നത്. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ദുരിതബാധിതര്‍ക്കായുള്ള പ്രഖ്യാപനങ്ങള്‍ വൈകുന്നു, സര്‍ക്കാര്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരായവരെ ഉള്‍പ്പെടുത്തിയില്ല എന്നിവ ചൂണ്ടിക്കാട്ടിയാണ് ഹര്‍ത്താല്‍.
ഉരുള്‍പൊട്ടലുണ്ടായി ഒരു വര്‍ഷമാവാനായിട്ടും ദുരിതബാധിതരുടെ പുനരതിവാസം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിനായിട്ടില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി. 51 പേരാണ് ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നത്. ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിക്കുന്നില്ലെന്നതാണ് പ്രധാന ആരോപണം. കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു.
2024 ജൂലൈ 31നാണ് കോഴിക്കോട്ടെ വിലങ്ങാട് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ദുരന്തത്തില്‍ മുച്ചങ്കയം, കുറ്റല്ലൂര്‍, പന്നിയേരി, പറമ്പടിമല ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. 35 വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നിരുന്നു.