Thursday , June 26 2025, 11:04 pm

യുദ്ധവിരുദ്ധ പ്രവര്‍ത്തകരുടെ കരുതല്‍ തടങ്കല്‍: സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ പ്രതിഷേധിച്ചു

കല്‍പറ്റ: തൃശൂരില്‍ യുദ്ധവിരുദ്ധ സമാധാന റാലിക്ക് തയാറെടുത്ത 11 പേരെ കരുതല്‍ തടങ്കലില്‍ എടുത്ത പോലീസ് നടപടിയില്‍ സി.പി.ഐ(എം.എല്‍)റെഡ്സ്റ്റാര്‍ സംസ്ഥാന സമിതി പ്രതിഷേധിച്ചു. ജനങ്ങള്‍ക്ക് ദുരിതം മാത്രം സമ്മാനിക്കുന്ന യുദ്ധം ഒഴിവാക്കണമെന്ന ആവശ്യവുമായാണ് തൃശൂരിലും യുദ്ധവിരുദ്ധ സമാധാന റാലി തീരുമാനിച്ചത്. റാലി ആരംഭിക്കുന്നതിന് മുമ്പ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇത് ജനാധിപത്യവിരുദ്ധ നടപടിയാണ്. റാലിക്കെതിരേ ആര്‍.എസ്.എസ് ഭീഷണി ഉയര്‍ന്നതുകൊണ്ടാണ് നടപടിയെന്ന പോലീസ് ഭാഷ്യം ദൗര്‍ഭാഗ്യകരമാണ്. കൈയേറ്റത്തിനു പൊതുസ്ഥലത്ത് സംഘടിച്ചവരെ അറസ്റ്റുചെയ്യാതെ റാലിക്കെത്തിയവരെ കസ്റ്റഡിയിലെടുത്തതിലെ യുക്തി സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി എം.പി. കുഞ്ഞിക്കണാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Comments