Friday , June 27 2025, 3:03 am

വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍

കല്‍പറ്റ: വയനാടിനെ ഹരിതാഭമാക്കാന്‍ ജൈവവൈവിധ്യ പാര്‍ക്കുകള്‍ നിര്‍മിക്കുന്നു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി 10 ജൈവവൈവിധ്യ പാര്‍ക്കുകളാണ് നിര്‍മിക്കുന്നത്. പ്രകൃതി സംരക്ഷണം മുന്‍നിര്‍ത്തി നൂല്‍പ്പുഴ കലൂര്‍ പുഴയോരം, നേന്‍മേനി താളൂര്‍ ചിറ, മീനങ്ങാടി പുറക്കാടി), പുല്‍പള്ളി മുണ്ടക്കുറ്റിക്കുന്ന്, തിരുനെല്ലി തൃശിലേരി, എടവക വാളോരി, പൊഴുതന ആനോത്ത് , വെങ്ങപ്പള്ളി ഓടമ്പംപൊയില്‍, മേപ്പാടി കശ്മീര്‍, വൈത്തിരി ടൗണ്‍ എന്നിവിടങ്ങളിലാണ്
ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ 28 ജൈവവൈവിധ്യ പാര്‍ക്കുകളാണ് തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്നത്. പാര്‍ക്കുകളില്‍ സ്വാഭാവിക സസ്യജാലങ്ങള്‍ നട്ടുപിടിപ്പിച്ച് പ്രകൃതി സംരക്ഷണം ഉറപ്പാക്കും. ട്രീ ഗാര്‍ഡന്‍, ജൈവവേലി, കുളം എന്നിവ ഓരോ പാര്‍ക്കിലും ഉണ്ടാകും. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ പാര്‍ക്കില്‍ ഓപ്പണ്‍ ജിം, ഇരിപ്പിടങ്ങള്‍ എന്നിവ നിര്‍മിക്കാനും വിനോദകേന്ദ്രമായി മാറ്റാന്നും ആലോചനയുണ്ടെന്ന് തൊഴിലുറപ്പ് പദ്ധതി കോ ഓര്‍ഡിനേറ്റര്‍ പി.സി. മജീദ് പറഞ്ഞു.

Comments