കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലടക്കം നൈസര്‍ഗിക വനത്തിന്റെ നാശത്തിന് കാരണമാകുന്ന അധിനിവേശ ഇനം സസ്യമായ സെന്നയുടെ(മഞ്ഞക്കൊന്ന)നിര്‍മാര്‍ജനത്തിനും കാടിനകത്ത് വയല്‍ പരിചരണത്തിനും വനം-വന്യജീവി സംരക്ഷണ വകുപ്പ് പട്ടികവര്‍ഗ തൊഴിലാളികളെ വ്യാപകമായി ഉപയോഗപ്പെടുത്തും. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി.കൃഷ്ണന്റെ അധ്യക്ഷതയില്‍ ബത്തേരി ഫോറസ്റ്റ് ഐ.ബിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം. സെന്ന നിര്‍മാര്‍ജനത്തിന് ഉപയോഗപ്പെടുത്തുന്നതിലൂടെ പട്ടികവര്‍ഗക്കാര്‍ക്ക് തൊഴില്‍ നല്‍കും.
ജില്ലയിലെ വന്യജീവി പ്രശ്‌നം ലഘൂകരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു. വന്യജീവി പ്രതിരോധത്തിന് വനാതിര്‍ത്തികളില്‍ സ്ഥാപിച്ച സോളാര്‍ ഫെന്‍സിംഗിന്റെ പ്രവര്‍ത്തനവും തൂക്കുവേലി നിര്‍മാണ പുരോഗതിയും വിലയിരുത്തി.
വനപാതകളുടെ വശങ്ങളിലെ അടിക്കാട് ലഭ്യമായ ഫണ്ട് ഉപയോഗിച്ച് വെട്ടുന്നതിനും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്നതിനും തുടര്‍ നിര്‍ദേശം നല്‍കി. വനത്തിനകത്തുള്ള വയലുകളിലെ അധിനിവേശ കളകള്‍ പരിസ്ഥിതി പുനഃസ്ഥാപനത്തിന്റെ ഭാഗമായി നീക്കം ചെയ്യാനും ഇതുവഴി
വന്യജീവികള്‍ക്കു ഭക്ഷണവും വെള്ളവും സുലഭമാക്കുന്നതിനും ആവിഷ്‌കരിച്ച പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാക്കാനും ജില്ലയ്ക്കായി തയാറാക്കുന്ന ലാന്‍ഡ്‌സ്‌പേപ് പ്ലാന്‍ വൈകാതെ സമര്‍പ്പിക്കാനും തീരുമാനിച്ചു. ബയോളജിക്കല്‍ രീതിയില്‍ സെന്ന നിര്‍മാര്‍ജനം നടത്തുന്നതിനുള്ള സാധ്യത ചര്‍ച്ച ചെയ്തു.
ഉത്തര മേഖല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അഞ്ജന്‍കുമാര്‍, പാലക്കാട് വന്യജീവി വിഭാഗം ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ടി.ഉമ, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വരുണ്‍ ഡാലിയ, നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവല്‍, കോഴിക്കോട് വര്‍ക്കിംഗ് പ്ലാന്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി.ധനേഷ്‌കുമാര്‍, വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സൂരജ് ബെന്‍, അഡീഷണല്‍ ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുള്‍ സെല്‍വന്‍, അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എ.ഷജ്‌ന, സൗത്ത് വയനാട് ഡി.എഫ്.ഒ അജിത്ത് കെ.രാമന്‍, വയനാട് സോഷ്യല്‍ ഫോറസ്ട്രി അസി.ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി.ഹരിലാല്‍, കെ.എഫ്.ആര്‍.ഐ സയന്റിസ്റ്റുമാരായ ഡോ.സജീവ്, ഡോ.ഹൃത്വീക്, വെള്ളായണി അഗ്രികള്‍ച്ചറല്‍ കോളേജ് എന്റമോളജി വിഭാഗം അസോസിയേറ്റ് പ്രൊഫ.ഡോ.കെ.ഡി.പ്രതാപന്‍, നാഷണല്‍ ബ്യൂറോ ഓഫ് അഗ്രികള്‍ച്ചറല്‍ ഇന്‍സെക്ട് റിസോഴ്‌സസിലെ ഡോ.ശ്രീദേവി, കെ.പി.പി.എല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ജയിംസ് ചാക്കോ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വനത്തില്‍ സെന്ന നിര്‍മാര്‍ജനം, വയല്‍ പരിചരണം; പട്ടികവര്‍ഗ തൊഴിലാളികളെ ഉപയോഗപ്പെടുത്തും
Comments
DeToor reflective wanderings…