Tuesday , March 3 2026, 10:38 am

തിരഞ്ഞെടുപ്പിനു മുൻപായി വൻ പ്രഖ്യാപനം; ക്ഷേമപെൻഷൻ 2000 രൂപയാക്കി, ആശമാർക്കും ആശ്വാസം

തിരുവനന്തപുരം:തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വൻ പ്രഖ്യാപനങ്ങളുമായി സര്‍ക്കാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.  ജീവനക്കാര്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കു നല്‍കാനുള്ള ഒരു ഗഡു ഡിഎ കുടിശിക 4% നവംബറിലെ ശമ്പളത്തിനൊപ്പം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആശാവർക്കർമാരുടെ പ്രതിമാസ ഓണറേറിയം 1,000 രൂപ വർധിപ്പിച്ചു. ഇതുവരെയുള്ള കുടിശികയും സംസ്ഥാന സര്‍ക്കാര്‍  നൽകും. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നത് അടക്കം വിവിധ പദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു. പദ്ധതികളും ആനുകൂല്യങ്ങളും കേരളപ്പിറവി ദിനമായ നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും. 

യുവതലമുറയ്ക്കായി സ്കോളർഷിപ്പ്

വിദ്യാർഥികൾക്ക് മികച്ച ജോലി ലഭിക്കാൻ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ആരംഭിക്കും. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ഡിഗ്രി പഠനത്തിനു ശേഷം വിവിധ നൈപുണ്യ കോഴ്സുകളിൽ പഠിക്കുന്നവരോ വിവിധ ജോലി / മത്സര പരീക്ഷകൾക്ക് തയാറെടുക്കുന്നവരോ ആയ 18 മുതൽ 30 വയസ്സ് വരെയുള്ള യുവതി/യുവാക്കൾക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നൽകും. കണക്ട് ടു വർക്ക് സ്കോളർഷിപ്പ് എന്ന പേരിലുള്ള ഈ പദ്ധതിയിൽ 5 ലക്ഷം യുവതീ യുവാക്കൾ ഗുണഭോക്താക്കൾ ആകും. പ്രതിവർഷം 600 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ നീക്കിവെക്കുന്നത്.

 കുടുംബശ്രീ എഡിഎസുകൾക്കുള്ള പ്രവർത്തന ഗ്രാന്റ്

കുടുംബശ്രീയുടെ സംസ്ഥാനത്ത് ആകെയുള്ള 19,470 എഡിഎസ്സുകൾക്ക് എഡിഎസ് (ഏരിയ ഡെവലപ്മെൻറ് സൊസൈറ്റി)കൾക്കുള്ള പ്രവർത്തന ഗ്രാന്റ് ആയി പ്രതിമാസം 1,000 രൂപ നൽകും. പ്രതിവർഷം 23.4 കോടി രൂപയാണ് ഈ പദ്ധതിക്കായി സർക്കാർ നീക്കിവയ്ക്കുന്നത്. 
∙ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും പ്രതിമാസ ഓണറേറിയം 1000 രൂപ വീതം  വർധിപ്പിക്കും. 66,240 പേർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. 
∙ സാക്ഷരത പ്രേരക്‌മാരുടെ (തുടർ വിദ്യാകേന്ദ്രം/നോഡൽ പ്രേരക്മാർ) പ്രതിമാസ ഓണറേറിയം 1000 രൂപ വർധിപ്പിക്കും.   ഇവർക്ക് ഇതുവരെയുള്ള കുടിശികയും നൽകും. 
∙ സംസ്ഥാനത്ത് ആകെ 13,327 പാചക തൊഴിലാളികളാണ് ഉള്ളത്. ഇവരുടെ പ്രതിദിന കൂലി വർധിപ്പിക്കും. 1100 രൂപയുടെ വർധനയാണ് മാസം ഉണ്ടാകുക.  
∙ പ്രീ പ്രൈമറി ടീച്ചർമാരുടെയും ആയമാരുടെയും പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. 
∙ ഗെസ്റ്റ് ലക്‌ചറർമാരുടെ മാസ വേതനം പരമാവധി 2000 രൂപ വർധിപ്പിച്ചു. 
∙ റബർ ഉൽപാദന ഇൻസെന്റീവ് പദ്ധതി പ്രകാരം റബർ കർഷകർക്ക് നൽകി വരുന്ന റബറിന്റെ താങ്ങുവില കിലോഗ്രാമിന് 180 രൂപയിൽ നിന്നും 200 രൂപയാക്കി ഉയർത്തും.

Comments