Saturday , October 4 2025, 4:50 am

12 ദിവസം, കേരളം കുടിച്ചു തീര്‍ത്തത് 970 കോടിയുടെ മദ്യം; മദ്യം വാങ്ങുമ്പോള്‍ പ്ലാസ്റ്റിക് കുപ്പിക്ക് 20 രൂപ നല്‍കുന്ന പദ്ധതിക്ക് നാളെ തുടക്കം

കോഴിക്കോട്: ഓണക്കാലത്ത് 12 ദിവസം കൊണ്ട് കേരളം കുടിച്ചു തീര്‍ത്തത് 970.74 കോടിയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.34 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് ഇത് 824.07 കോടിയായിരുന്നു. അത്തം മുതല്‍ മൂന്നാം ഓണം വരെയുള്ള കണക്കാണിത്. അവിട്ടം ദിനത്തില്‍ മാത്രം 94.36 കോടിയുടെ മദ്യമാണ് വിറ്റത്. ഒന്നാം ഓണത്തിന് 137.64 കോടിയുടെ മദ്യം വിറ്റു. ഓണത്തിന്റെ ആദ്യ ദിവസങ്ങളില്‍ മദ്യവില്‍പ്പനയില്‍ കുറവുണ്ടായെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില്‍പ്പന തകൃതിയായി.

ആദ്യത്തെ ആറുദിവസം 426.8 കോടിയുടേയും തുടര്‍ന്നുള്ള അഞ്ച് ദിവസങ്ങളില്‍ 500 കോടിക്കടുത്തും വില്‍പ്പന നടന്നു. 1.46 കോടിയുടെ മദ്യം വിറ്റ ബെവ്‌കോയുടെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റാണ് മദ്യവില്‍പ്പനയില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം 50 കോടിയുടെ മദ്യം വാങ്ങി 920 കോടിക്ക് വിറ്റ് സര്‍ക്കാര്‍ മദ്യവില്‍പ്പനയിലൂടെ നേടിയത് കോടികളാണ്.

അതേസമയം നാളെ മുതല്‍ സംസ്ഥാനത്ത് ബെവ്‌കോയുടെ പുതിയ പരീക്ഷണം തുടങ്ങുകയാണ്. കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് കുപ്പി ഒന്നിന് 20 രൂപ ഡെപ്പോസിറ്റ് നല്‍കണം. ഈ തുക പിന്നീട് മദ്യം വാങ്ങാന്‍ എത്തുമ്പോള്‍ കുപ്പി നല്‍കിയാല്‍ തിരിച്ചുനല്‍കും. അതേസമയം വാങ്ങിയ ഔട്ട്‌ലെറ്റില്‍ തന്നെ കുപ്പികള്‍ തിരിച്ചു നല്‍കണം എന്നത് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. തമിഴ്‌നാട്ടില്‍ ഈ തരത്തില്‍ പ്ലാസ്റ്റിക് കുപ്പികള്‍ മദ്യവില്‍പ്പന ശാലകള്‍ വഴി ശേഖരിക്കുന്നുണ്ട്. അതേസമയം 700 രൂപയ്ക്ക് മുകളിലുള്ള മദ്യം ചില്ലുകുപ്പികളില്‍ നല്‍കുന്ന പദ്ധതിയും സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്.

Comments