കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ സമരമുഖങ്ങളില്‍ പോലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ ആശങ്ക. ജലപീരങ്കികളില്‍ ഉപയോഗിക്കുന്ന ജലത്തില്‍ നിന്ന് രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളുണ്ടാകുമ്പോള്‍ ജലപീരങ്കി പ്രയോഗിക്കല്‍ പതിവാണ്. പോലീസ് ക്യാംപുകളിലെ കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നുമാണ് സാധാരണയായി ജലപീരങ്കിയില്‍ വെള്ളം നിറയ്ക്കുന്നത്. ഇത്തരം ജലസ്രോതസ്സുകള്‍ രോഗാണുക്കള്‍ ഇല്ലാത്ത ഇടങ്ങളാണെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ശക്തമായി വെള്ളം ചീറ്റുമ്പോള്‍ മൂക്കില്‍ വെള്ളം കയറാനുള്ള സാധ്യതയേറെയാണ്. ശുദ്ധീകരിക്കാത്ത വെള്ളം ഉപയോഗിച്ചു കുളിക്കുമ്പോള്‍ പോലും മൂക്കില്‍ വെള്ളം പോകാതെ സൂക്ഷിക്കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിക്കുമ്പോള്‍ സമരക്കാരും ചിലപ്പോള്‍ പോലീസും ഒരുപോലെ നനയുന്ന സാഹചര്യമുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ജലപീരങ്കി പ്രയോഗങ്ങളും ആശങ്കയാകുന്നത്.