കൊച്ചി: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുന്ന സാഹചര്യത്തിൽ പോലീസിൻ്റെ ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൻ്റെ ശുദ്ധി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി. എറണാകുളത്ത് നിന്നുള്ള യൂത്ത് കോൺഗ്രസ് നേതാവ് സൽമാനാണ് പരാതി നൽകിയത്. ജലപീരങ്കിയിൽ ഉപയോഗിക്കുന്ന വെള്ളത്തിൽ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്‌ധരും ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് പരാതി.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി വിവിധ വിഷയങ്ങളിൽ സംസ്ഥാനത്തുടനീളം നിരവധി സംഘടനകളുടെ പ്രതിഷേധപ്രകടനം നടക്കുന്നുണ്ട്. സമരക്കാരെ പിരിച്ചുവിടാനായി ജലപീരങ്കിയാണ് പോലീസ് പ്രധാനമായും ഉപയോഗിക്കുന്നത്. പോലീസ് ക്യാമ്പുകളിലെ കുളങ്ങളിൽ നിന്നും കിണറുകളിൽ നിന്നുമാണ് പീരങ്കിയിലേക്ക് സാധാരണ വെള്ളം നിറയ്ക്കുക. അമീബിക് മസ്തിഷ്ക ജ്വരം വ്യാപകമാകുമ്പോൾ സമരക്കാരെ നേരിടാൻ ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
അമീബയുടെ സാന്നിധ്യമുള്ള വെള്ളമാണെങ്കിൽ ശക്തമായി വെള്ളം ചീറ്റുമ്പോൾ മൂക്കിൽക്കൂടി രോഗാണു ശരീരത്തിലെത്താനുള്ള സാധ്യത കൂടുതലാണ്.