Saturday , October 4 2025, 9:57 am

ക്യാന്‍സര്‍ പ്രതിരോധത്തില്‍ പുതുചരിത്രം കുറിച്ച് റഷ്യ; മനുഷ്യരിലെ ആദ്യ വാക്‌സീന്‍ പരീക്ഷണം വിജയം

ഒടുവില്‍ ലോകം പ്രതീക്ഷിച്ച വലിയ വാര്‍ത്തയെത്തി. മനുഷ്യ ശരീരത്തെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാമാരിക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ നാഴികക്കല്ലാകുന്ന പരീക്ഷണം റഷ്യന്‍ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കി. റഷ്യ വികസിപ്പിച്ച എന്ററോമിക്‌സ് വാക്‌സീന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയകരമാണെന്ന് ഫെഡറല്‍ മെഡിക്കല്‍ ആന്റ് ബയോളജിക്കല്‍ ഏജന്‍സിയാണ് (എഫ്.എം.ബി.എ) വ്യക്തമാക്കിയത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണത്തില്‍ 100 ശതമാനം കാര്യക്ഷമതയും സുരക്ഷയും വാക്‌സീന് ഉറപ്പാക്കാനായതായി ഏജന്‍സി അവകാശപ്പെട്ടു. റഷ്യയുടെ നാഷണല്‍ മെഡിക്കല്‍ റിസര്‍ച്ച് റേഡിയോളജിക്കല്‍ സെന്ററും ഏംഗല്‍ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മോളിക്കുലര്‍ ബയോളജിയും ചേര്‍ന്നാണ് വാക്‌സീന്‍ വികസിപ്പിച്ചത്.

വാക്‌സീന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത രോഗികളിലെ അര്‍ബുദ മുഴകള്‍ ചുരുങ്ങുകയും രോഗം പടരുന്നതിന്റെ വേഗത കുറയുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല രോഗികളില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗികളില്‍ ആദ്യ ഡോസിനു ശേഷവും മരുന്നിന്റെ റിപ്പീറ്റ് ഡോസുകള്‍ നല്‍കിയതിലും പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയിട്ടില്ല. പരീക്ഷണത്തില്‍ പങ്കെടുത്ത ഓരോ രോഗികളുടേയും ആര്‍.എന്‍.എ അടിസ്ഥാനമാക്കി വ്യക്തിഗതമായാണ് വാക്‌സീന്‍ വികസിപ്പിച്ചതെന്ന് എഫ്.എം.ബി.എ തലവന്‍ വെറോനിക്ക സ്‌ക്വോര്‍ട്‌സോവ പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിക്കുകയും മാരകമായിത്തീരുകയും ചെയ്യുന്ന വന്‍കുടല്‍ ക്യാന്‍സറിനുള്ള പ്രതിരോധമാണ് ആദ്യഘട്ടത്തില്‍ തയ്യാറാക്കുന്നതെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് തലച്ചോറിനെ ബാധിക്കുന്ന മാരകരോഗമായ ഗ്ലിയോബ്ലാസ്‌റ്റോമ (Glioblastoma) എന്ന ട്യൂമറിനുള്ള വാക്‌സീന്‍ വികസിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മറ്റു പ്രതിരോധ വാക്‌സീനുകളെ അപേക്ഷിച്ച് ശരീരത്തില്‍ വളരുന്ന ക്യാന്‍സര്‍ സെല്ലുകളെ കണ്ടെത്താനും പ്രതിരോധിക്കാനുമുള്ള പരീശീലനം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയ്ക്ക് നല്‍കിയാണ് ക്യാന്‍സര്‍ വാക്‌സീന്‍ പ്രവര്‍ത്തിക്കുക. നിലവില്‍ ശരീരത്തില്‍ ആക്റ്റീവായിരിക്കുന്ന ക്യാന്‍സര്‍ കോശങ്ങളെയും വാക്‌സീന്‍ പ്രതിരോധിക്കും. വ്‌ളാഡിവോസ്‌റ്റോക്കില്‍ നടക്കുന്ന 10ാമത് ഈസ്‌റ്റേണ്‍ എകണോമിക് ഫോറത്തിനിടയിലാണ് റഷ്യ എന്ററോമിക്‌സ് വാക്‌സീനെ കുറിച്ച് വെളിപ്പെടുത്തിയത്. സെപ്തംബര്‍ 3 മുതല്‍ 6 വരെ നടന്ന ഫോറത്തില്‍ 75ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.

Comments