മാവൂര്‍: കേഴിക്കോട് മാവൂരില്‍ പുലിയിറങ്ങിയതായി സംശയം. എളമരം കടവിനടുത്ത് ഗ്രാസിം മാനേജ്‌മെന്റിന്റെ ഉടമസ്ഥതയിലുള്ള കാടു പിടിച്ചു കിടക്കുന്ന ഭാഗത്ത് പുലിയെ കണ്ടതായി യാത്രക്കാരനാണ് അവകാശപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതരയോടെ പെരുവയല്‍ സ്വദേശിയാണ് വന്യജീവിയെ കണ്ടത്. തുടര്‍ന്ന് മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും നാട്ടുകാരും പൊലീസും സംഭവ സ്ഥലത്തെത്തി രാത്രി വിശദ പരിശോധന നടത്തിയിരുന്നു.
ഇന്ന് പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തില്‍ വിശദ പരിശോധന നടക്കുന്നുണ്ട്. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരന്‍ കണ്ടത്. പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുമ്പും ഗ്രാസിം കൊമ്പൗണ്ടിനുള്ളില്‍ പുലിയെ കണ്ടതായി ആളുകള്‍ പറഞ്ഞിരുന്നു. അന്ന് കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയിരുന്നില്ല.