തിരുവനന്തപുരം: ഒരു മാസത്തിനിടെ സംസ്ഥാനത്ത് 17000 ലിറ്റർ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തതായി ആരോഗ്യ വകുപ്പ് മന്ത്രി. വെളിച്ചെണ്ണ വില ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വലിയ തോതിൽ വില്പനയ്ക്ക് എത്തുന്നുണ്ട്. ഓണം കൂടി എത്തുന്നതോടെ വ്യാജ വെളിച്ചെണ്ണയുടെ വിപണനം കൂടാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും പരിശോധനകൾ ശക്തമാക്കിയത്.
ഒരു മാസത്തിനിടെ 1014 പരിശോധനകൾ നടത്തിയതിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയ 25 സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. വെളിച്ചെണ്ണ നിർമാണ യൂണിറ്റുകൾ, റീ പാക്കിങ് യൂണിറ്റുകൾ, മൊത്ത-ചില്ലറ വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.
കേരസൂര്യ, കേര ഹരിതം, കുട്ടനാടൻ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിർമാതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഏപ്രിൽ മുതൽ സംസ്ഥാനത്ത് 21,030 ഭക്ഷ്യ സുരക്ഷ പരിശോധനകളാണ് നടത്തിയത്. 331 സ്ഥാപനങ്ങൾക്കെതിരെ കേസ് ഫയൽ ചെയ്തു. 1613 സ്ഥാപനങ്ങളിൽ നിന്നും 63 ലക്ഷം രൂപ പിഴ ഈടാക്കിയതായും മന്ത്രി പറഞ്ഞു. കൂടുതൽ സ്ഥലങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടത്തും. ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.